തമിഴകത്തു വേരുറപ്പിക്കാനുള്ള ബിജെപി തന്ത്രങ്ങള്‍ക്കു രൂപം നല്കാന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയില്‍. എംജിആര്‍ സ്മാരകത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തുന്ന അമിത് ഷാ സംസ്ഥാനത്തെ നിരവധി വികസപദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. അതോടൊപ്പം നിര്‍ണായകമായ പല രാഷ്ട്രീയ കൂടിക്കാഴ്ചകളും ഇന്നും നാളെയുമായി നടന്നേക്കും എന്നാണ് സൂചന. അണ്ണാഡിഎംകെ സഖ്യം തുടരണമോയെന്നതു സംബന്ധിച്ചു നിര്‍ണായക ചര്‍ച്ചകള്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ നടക്കുമെന്നാണു സൂചന. ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്റെ മൂത്തസഹോദരനും കരുണാനിധിയുടെ പുത്രനുമായ എം.കെ.അഴഗിരിയുമായി അമിത് ഷാ നാളെ നടത്തിയേക്കും എന്നാണ് ചെന്നൈയില്‍ നിന്നുള്ള വാര്‍ത്തകള്‍. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ത്രിശങ്കുവില്‍ നില്ക്കുന്ന സൂപ്പര്‍ താരം രജനീകാന്തിനെ അമിത് ഷാ സന്ദര്‍ശിക്കില്ല.
രാജ്യത്തെ വലിയ സംസ്ഥാനങ്ങളില്‍ ബിജെപിക്കു സ്വാധീനം ഏറ്റവും കുറഞ്ഞ ഇടമാണു തമിഴ്നാട്. പാര്‍ട്ടിക്കു വളരാന്‍ അനുകൂല സാഹചര്യങ്ങളുണ്ടെങ്കിലും അതു മുതലെടുക്കാനാവുന്നില്ലെന്ന വികാരം കേന്ദ്ര നേതൃത്വത്തിനുണ്ട്. വെട്രിവേല്‍ യാത്രയുള്‍പ്പെടെ ഹിന്ദുത്വ അജന്ഡയുയര്ത്തികൊണ്ടുവന്നത് സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകളുടെ മുഖ്യധാരയിലേക്കു പാര്‍ട്ടിയെ എത്തിച്ചെന്നാണു വിലയിരുത്തല്‍. ഈ മുന്നേറ്റം വോട്ടാക്കി മാറ്റുന്നതു ചര്‍ച്ചയാകും. സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ ,മണ്ഡലം ഭാരവാഹികള്‍ എന്നിവരുമായി അമിത് ഷാ ചര്‍ച്ച നടത്തും. അണ്ണാഡിഎംകെയുമായുള്ള സഖ്യത്തെ കുറിച്ചും ചര്‍ച്ചകളുണ്ടാകുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ പറയുന്നത്.
ഷായുടെ സാന്നിധ്യത്തില്‍ പ്രമുഖര്‍ പാര്‍ട്ടിയില്‍ ചേരുമെന്നു നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ആരൊക്കെയെന്നു വ്യക്തമാക്കിയിട്ടില്ല. രാഷ്്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടു ആശയക്കുപ്പത്തില് നില്ക്കുന്ന രജനീകാന്തിനെ അമിത് ഷാ കാണാന്‍ സാധ്യതയില്ല. പാര്‍ട്ടി രൂപീകരിച്ചു രജനീകാന്ത് എന്‍ഡിഎ സഖ്യത്തില്‍ ചേരണമെന്നാണു ബിജെപിയുടെ താല്പര്യം. അതിനു സാഹചര്യം അനുകൂലമല്ലെങ്കില്‍ രജനിയുടെ പരസ്യ പിന്തുണയെങ്കിലും ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നത്.