തിരുവനന്തപുരം: എക്സാലോജിക് – സി.എം.ആര്.എല്‍. സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് ഐ.ജി.എസ്.ടി. അടച്ചതായി നികുതിവകുപ്പ്. സി.എം.ആര്.എല്ലില്‍ നിന്ന് വീണ കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് നികുതി അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ജി.എസ്.ടി. കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
വിവരാവകാശ നിയമപ്രകാരം മാത്യുകുഴല്നാടന് എംഎല്‍എ ചോദിച്ച ചോദ്യത്തിന് നല്കിയ മറുപടിയിലാണ് നികുതി അടച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്. നിയമപ്രകാരമുള്ള നികുതി അടച്ചതായി കാണുന്നുവെന്നാണ് മറുപടി. എന്നാല്‍, എത്ര തുക അടച്ചവെന്നോ എന്നാണ് അടച്ചതെന്നോ അഡീ. ജോയിന്റ് സെക്രട്ടറി മാത്യു കുഴല്നാടന് നല്കിയ മറുപടില്‍ പറയുന്നില്ല. ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക് സൊല്യൂഷന്‍സ്’ എന്ന ഐ.ടി. കമ്പനി.
ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിലാണ് സ്വകാര്യ കരിമണല്‍ കമ്പനിയില്‍ നിന്നും വീണ വിജയന് 1.72 കോടി രൂപ കൈപ്പറ്റിയെന്ന വെളിപ്പെടുത്തലുണ്ടായത്. ഐ.ടി. സേവനങ്ങള്‍ നല്‍കാനാണ് കരാറുണ്ടാക്കിയതെന്നും അതുണ്ടായില്ലെന്നും വെളിപ്പെടുത്തലുണ്ടായി.