കേരള ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പോര് തുടരുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ള. ഏത് ഓര്‍ഡിനന്‍സ് കൊണ്ടു വന്നാലും ഒപ്പിടണോ എന്ത് തീരുമാനമെടുക്കണമെന്നത് ഗവര്‍ണറുടെ താത്പര്യമാണ്. ഗവര്‍ണര്‍ക്ക് സവിശേഷ അധികാരങ്ങളുണ്ടെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാത്ത സാഹചര്യം ഗവര്‍ണറുടെ തീരുമാനമാണ്. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സുകളായാലും നിയമങ്ങളായാലും അതെല്ലാം ഗവര്‍ണര്‍ മനസിരുത്തി പഠിക്കണം. ചില സാഹചര്യങ്ങളില്‍ രാഷ്ട്രപതിക്ക് അയച്ച് കൊടുക്കേണ്ടിവരും. ചിലപ്പോള്‍ തിരിച്ചയക്കേണ്ടിവരും. ചിലതില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടേണ്ടിവരും.
ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ഗവര്‍ണര്‍ക്കുണ്ട്. തലേന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് പിറ്റേന്ന് ഒപ്പിടുന്ന രീതിയല്ല ഗവര്‍ണറുടേത്. അത് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏത് നിയമം കൊണ്ടുവന്നാലും അത് ഭരണഘടനയ്ക്ക് അനുയോജ്യമാണോ എത്രമാത്രം നീതിയുള്ളതാണെന്നൊക്കെ നോക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്’. ഗോവ ഗവര്‍ണര്‍ വ്യക്തമാക്കി.