തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പരിചയപ്പെടുത്തിയത് എം ശിവശങ്കറെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല അയ്യരുടെ മൊഴി. സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്നാണ് ശിവശങ്കര്‍ പരിചയപ്പെടുത്തിയത്. സ്വപ്നയെ പരിചയപ്പെടുത്തിയ കൂടിക്കാഴ്ചയില്‍ മുഴുവന്‍ സമയവും ശിവശങ്കര്‍ കൂടെ ഉണ്ടായിരുന്നുവെന്നും വേണുഗോപാല അയ്യര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി.
സ്വപ്നയെ ഓഫീസില്‍ കൊണ്ടു വന്ന് പരിചയപ്പെടുത്തിയ ശിവശങ്കര്‍ ഒന്നിച്ച് ലോക്കര്‍ തുടങ്ങാന്‍ നിര്‍ദ്ദേശിച്ചുവെന്നും ചാര്‍ട്ടേഡ് അക്കൗണ്ട് എന്‍ഫോഴ്സ്മെന്റിന് നല്കിയ മൊഴിയില്‍ പറയുന്നു. ശിവശങ്കര്‍ നല്കിയ മൊഴിക്ക് വിപരീതമായാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നല്കുന്ന വിവരങ്ങള്‍. സ്വപ്നയെ പരിയപ്പെടുത്തിയ ശേഷം മടങ്ങിയെന്നും ഒന്നിച്ച് ലോക്കര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ശിവശങ്കര്‍ നല്കിയ മൊഴി. എന്നാല്‍ സ്വപ്നയെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് വേണുഗോപാല അയ്യര്‍ വ്യക്തമാക്കി. സ്വപ്നയുമായുള്ള ചര്‍ച്ചകള്‍ അവസാനിക്കും വരെ ശിവശങ്കര്‍ ഓഫീസിലുണ്ടായിരുന്നു. ബാങ്ക് ലോക്കര്‍ സംയുക്തമായി തുടങ്ങാന്‍ ആവശ്യപ്പെട്ടത് ശിവശങ്കറാണെന്നും അദ്ദേഹം പറഞ്ഞു.
‘മണിക്കൂറുകളോളം ഓഫീസില്‍ ശിവശങ്കറിന്റെ സാനിധ്യത്തില്‍ സ്വപ്നയുമായി സംസാരിച്ചു. ചര്‍ച്ചകളില്‍ ശിവശങ്കര്‍ പങ്കാളിയായിരുന്നു. ജോയിന്റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു. പിന്നീട് പലഘട്ടത്തിലായി സ്വപ്ന തന്നെ ഈ തുക പിന്‍വലിച്ചു. തുടര്‍ന്ന് അക്കൗണ്ട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കുറച്ച് സ്വര്‍ണാഭരണങ്ങള്‍ അക്കൗണ്ടിലുണ്ടെന്നായിരുന്നു സ്വപ്ന അന്ന് പറഞ്ഞത്. അന്വേഷണ ഏജന്‍സികള്‍ ഈ ജോയിന്റ് അക്കൗണ്ടില്‍ നിന്നും 64 ലക്ഷവും സ്വര്‍ണ്ണവുമായിരുന്നു പിടികൂടിയത്’. എന്നാല്‍ അക്കൗണ്ടിലുണ്ടായിരുന്ന ബാക്കി തുകയെ കുറിച്ച് അറിയില്ലെന്നുമാണ് ചാര്‍ട്ടേഡ് അക്കൗണ്ട് നല്കിയ മൊഴി.
അതേസമയം സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ സ്വപ്ന സുരേഷ് നല്കിയ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും.