ഇംഫാല്‍: മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത മുഖ്യ പ്രതിയുടെ വീട് സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. തൗബാല്‍ ജില്ലയിലെ ഹുയ്റേം ഹേരാദാസ് മെയ്തിയുടെ വീടാണ് വ്യാഴാഴ്ച കത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ ഹുയ്റേം ഹേരാദാസ് അടക്കം നാലു പേരെ പോലീസ് ഇതുവരെ പിടികൂടിയിട്ടുണ്ട്. ഈ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യപ്രതിയുടെ വീട് കത്തിച്ചിരിക്കുന്നത്.
മേയ് നാലിനാണ് മനഃസാക്ഷിയെ നടുക്കിയ ക്രൂരത നടന്നത്. പ്രദേശത്ത് കുക്കി, മെയ്ത്തി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ വനപ്രദേശത്തേക്ക് പലായനം ചെയ്ത സംഘത്തിലുള്ള യുവതികളെയാണ് നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തത്.