ആര്‍എംപി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകയെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നീക്കത്തെ തടഞ്ഞ് സിപിഐഎം നേതൃത്വം. കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പ് കണക്കിലെടുത്താണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീണാ ജോര്‍ജിന്റെ മുന്‍ സഹപ്രവര്‍ത്തകയും സുഹൃത്തുമാണ് മാധ്യമ പ്രവര്‍ത്തക. നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജിന് വേണ്ടി പിആര്‍ വര്‍ക്കുകള്‍ ചെയ്തതും ഇവരാണ്. തുടര്‍ന്നാണ് മന്ത്രിയുടെ ഔദ്യോഗിക പിആര്‍ഒയായി ഇവരെ നിയമിക്കാന്‍ വീണ തീരുമാനിച്ചത്.
കോഴിക്കോട് ജില്ലയിലെ ആര്‍എംപി നേതാക്കളുമായി അടുത്ത ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകയെ മന്ത്രി സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലും, ഒഴിവാക്കാനുള്ള നിര്ദേശവുമെന്നാണ് റിപ്പോര്‍ട്ട്.
വീണ മന്ത്രിയായതിന് പിന്നാലെ സിപിഐഎം സംസ്ഥാന സമിതി അംഗത്തെ പ്രൈവറ്റ് സെക്രട്ടറിയായി നിശ്ചയിച്ചിരുന്നു. പാചകക്കാരനെയും ഡ്രൈവറെയും മാത്രമാണ് സ്വന്തം നിലയ്ക്ക് മന്ത്രിമാര്‍ക്ക് നിയമിക്കാന്‍ അനുമതിയുള്ളത്. ഇവരെ നിശ്ചയിക്കുമ്പോഴും രാഷ്ട്രീയ പശ്ചാത്തലവും അതാത് ജില്ലാ കമ്മറ്റിയുടെ അംഗീകാരവും നിര്‍ബന്ധമാണ്.