സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിലും മറ്റു വകുപ്പുകളിലെപ്പോലെ അഴിമതിയുണ്ടെന്നും ഇത് തുടരാന്‍ അനുവദിക്കില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ വൈകിപ്പിക്കുന്ന നടപടിയും അധ്യാപികയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചു വരുത്തിയ സംഭവവും ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഉദ്യോഗസ്ഥന് ഒരു ഫയല്‍ പരിശോധിച്ച് എത്ര ദിവസത്തിനുളളില്‍ നടപടിയെടുക്കണം എന്നതില്‍ തീരുമാനമെടുക്കും, ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കും. എയ്ഡഡ് സ്കൂളുകളില്‍ നിയമാനുസൃതമായി അധ്യാപക നിയമനം നടത്തിയാല്‍ അതിന് അംഗീകാരം നല്‍കുന്നത് രണ്ടും മൂന്നും വര്‍ഷം വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ അടയിരിക്കുന്നത് എന്തിനാണ്. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും തീര്‍പ്പാക്കുന്നതിന് എല്ലാ ജില്ലകളിലും അദാലത്ത് നടത്തും.
ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുളള ആലോചന നടക്കുകയാണ്. ഇത് പ്രക്രിയയിലെ കാലതാമസം ഒഴിവാക്കാന്‍ സഹായിക്കും. പരീക്ഷ പേപ്പര്‍ മൂല്യനിര്‍ണയ പ്രതിഫലവും പ്രീപ്രൈമറി അധ്യാപകരുടെ ഓണറേറിയവും വര്‍ധിപ്പിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
അധ്യാപക പരിശീലന പരിപാടികളില്‍ കാലാനുസൃത മാറ്റം കൊണ്ടുവരും. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ചില വിയോജിപ്പുകളുണ്ട്. തികച്ചും ജനാധിപത്യപരവും മതേതരത്വത്തെ ഉള്‍ക്കൊള്ളുന്നതുമായ പാഠ്യപദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.