സിപിഐഎം കാസര്‍ഗോഡ്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് നടക്കും. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ പാലിച്ചാകും സമ്മേളനങ്ങളെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പൊതുപരിപാടികള്‍ വിലക്കിയുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ പിന്‍വലിച്ചത്. ഉത്തരവിറക്കി മൂന്ന് മണിക്കൂറിനുള്ളിലാണ് കളക്ടറുടെ നടപടി. ജില്ലയില്‍ 36.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആകെ പരിശോധന നടത്തിയ 3098 പേരില്‍ 1135 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
അതേസമയം ജില്ലാ കളക്ടര്‍ക്കെതിരെ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി രംഗത്തെത്തി. ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സിപിഐഎം ഭീഷണിക്ക് വഴങ്ങിയാണ് കളക്ടര്‍ പിന്‍വലിച്ചതെന്ന് എംപി വിമര്‍ശിച്ചു. ഉത്തരവ് പിന്‍വലിച്ചത് സിപിഐഎം ജില്ലാ സമ്മേളനം തടസമില്ലാതെ നടക്കാനാണ്. വിഷയത്തില്‍ ജില്ലാ കളക്ടറുടെ വിശദീകരണം തൃപ്തികരമല്ലെന്നും സംസ്ഥാനത്തെ ഒമിക്രോണ്‍ വ്യാപനത്തിന് കാരണം സിപിഐഎം സമ്മേളനങ്ങളാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി പ്രതികരിച്ചു.
ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഉണ്ടെങ്കിലും 185 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക. പാര്‍ട്ടി ശക്തി കേന്ദ്രമായ മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സിപിഐഎം ജില്ലാ സമ്മേളനം നടക്കുന്നത്. 150 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്.
തൃശൂര്‍ ജില്ലയില്‍ അഞ്ഞൂറിലധികം പേര്‍ക്കിരിക്കാവുന്ന ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമ്മേളനമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. വിവിധ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മുഴുവന്‍ സമയവും പങ്കെടുക്കും. ജില്ലാ കമ്മിറ്റിയില്‍ നിന്ന് പത്ത് പേരെ മാറ്റിയേക്കുമെന്നാണ് സൂചന. വനിതാ പ്രാതിനിത്യം ഉയര്‍ത്തി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാകും പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വരിക. ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണന് തുടരാനാണ് സാധ്യത.