തിരുവനന്തപുരം: ബഫര്‍സോണ്‍ വിവാദത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്ത്.
1.എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ യോഗം ഉത്തരവിറക്കിയത്?
2.അവ്യക്തത മാത്രം നിറഞ്ഞ രണ്ടാമത്തെ ഉത്തരവ് ആര്‍ക്ക് വേണ്ടി?
3.ഉപഗ്രഹ സര്‍വെ മാത്രം മതിയെന്ന് തീരുമാനിച്ചത് എന്തിനാണ് ?
4.റവന്യു തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയത് എന്തിന്
5.ഓഗസ്റ്റ് 29, ന് കിട്ടിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസം പൂഴ്ത്തി വച്ചത് എന്തിന്?
സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി വന്നാള് മുഖ്യമന്ത്രി ഉത്തരവാദിത്തം ഏല്‍ക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രതിപക്ഷവുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായില്ല. മാനുവല്‍ സര്‍വ്വേ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്തതില്‍ ദുരൂഹതയുണ്ട്. വിദഗ്ധ സമിതി എന്ത് ചെയ്തെന്ന് പോലും സര്‍ക്കാര്‍ അന്വേഷിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ടും മുന്ന് മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും എന്ന് ഉത്തരവില്‍ പറഞ്ഞതല്ലാതെ വിദദ്ധ സമിതി ഒന്നും ചെയ്തില്ല.ദുരൂഹത നിറഞ്ഞ ഉത്തരവാദിത്തം ഇല്ലായ്മയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.മൂന്ന് മാസത്തെ കാലാവധിയുള്ള വിദഗ്ധ സമിതിക്ക് ആനൂകൂല്യം നിശ്ചയിക്കുന്നത് രണ്ടര മാസത്തിന് ശേഷമാണ്, ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത് ഒരു താല്പര്യവും ഇല്ലാതെയാണ്. പരമാവധി മൂന്നാഴ്ച കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് സര്‍ക്കാര്‍ വഷളാക്കിയതെന്നും അദേഹം പറഞ്ഞു.
ബഫര്‍ സോണ്‍ വിഷയത്തില്‍ മലയോര മേഖലയില്‍ പ്രതിഷേധം കനക്കുകയാണ്. പരിസ്ഥിതി ലോല മേഖല നിശ്ചയിക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോഴിക്കോട് നടത്തുന്ന പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 4 മണിക്ക് കൂരാച്ചുണ്ടില്‍ നടക്കുന്ന ബഹുജന സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ബഫര്‍ സോണ്‍ സമരത്തിന് പിന്തുണയുമായി സിപിഎം കക്കയം സൗത്ത് ബ്രാഞ്ച് കമ്മറ്റിയും രംഗത്തെത്തി. ബഫര്‍ സോണ്‍ സംസ്ഥാനത്ത് ആവശ്യമില്ലെന്ന് സി പി എം കക്കയം സൗത്ത് ബ്രാഞ്ച് സെക്രട്ടറി ജോണ്‍ വേമ്പുവിള മീഡിയവണിനോട് പറഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തില്‍ തിരുവനന്തപുരത്തെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ചും ഇന്ന് പ്രതിഷേധ പരിപാടികള്‍ നടക്കും. അമ്പൂരിയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ സംഗമം നടത്തും.