കൊച്ചിയില്‍ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പട്ട് ഡിജെ പാര്‍ട്ടികളില്‍ നിരീക്ഷണം ശക്തമാക്കി എക്സൈസ്. കൊച്ചി നഗരത്തിലെ ഡി ജെ പാര്‍ട്ടികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ എക്സൈസ് മേധാവി അനില്‍ കുമാര്‍ പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹോട്ടലുടമ റോയി വയലാറ്റിനെ ചോദ്യം ചെയ്യുമെന്നും ഹോട്ടലില്‍ ലഹരി ഉപയോഗം നടന്നോയെന്ന് എക്സൈസ് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മിസ് കേരള ജേതാക്കളായ മോഡലുകള്‍ക്കു ശീതള പാനീയത്തില്‍ കലര്‍ത്തി ലഹരി നല്‍കിയതായി രഹസ്യ വിവരം. മോഡലുകളെ കബളിപ്പിച്ചു ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യസന്ദേശം സ്ഥിരീകരിക്കാന്‍ നിശാപാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ വീണ്ടെടുക്കണം. എന്നാല്‍, ഇവരുടെ രക്തസാംപിള്‍ ശേഖരിക്കാതിരുന്നത് അന്വേഷണത്തിനു തിരിച്ചടിയാകും.
ഹോട്ടലുടമ റോയിയുമായി മിസ് കേരള അന്‍സി കബീറിന് മുന്‍ പരിചയമുണ്ട്. അന്‍സിയുടെ അമ്മയും റോയിയും ഒരേ കോളജിലെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയിലെ അംഗങ്ങളാണ്. മിസ് കേരള സൗന്ദര്യപ്പട്ടം ലഭിച്ചപ്പോള്‍ അന്‍സിയെ ക്ഷണിച്ചു വരുത്തി റോയിയുടെ നേതൃത്വത്തില്‍ അനുമോദനം നടത്തിയിരുന്നു. ഈ മുന്‍ പരിചയമാണ് അന്‍സിയും സുഹൃത്തുക്കളും റോയിയുടെ ഹോട്ടലിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കാരണമായത്.
ഹോട്ടലിലെ രാസലഹരി പാര്‍ട്ടികള്‍ക്കു നേതൃത്വം നല്‍കിയിരുന്ന സൈജു തങ്കച്ചന് ഡാന്‍സ് പാര്‍ട്ടിക്കു ശേഷം രഹസ്യമായി നടക്കുന്ന ലഹരി പാര്‍ട്ടിയിലേക്കു ഇവരെ ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനു ശേഷമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖും അബ്ദുല്‍ റഹ്മാനും കൂടിയ അളവില്‍ മദ്യം വിളമ്പി സല്ക്കരിക്കാന് തുടങ്ങിയതെന്നു പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ‘നമ്പര്‍ 18’ ഹോട്ടലിലെ ആഫ്റ്റര്‍ പാര്‍ട്ടിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ഷൈജു തങ്കച്ചന് മുന്‍കൂര്‍ജാമ്യം തേടിയത് കേസിലുള്ള പങ്ക് പുറത്തു വരുമെന്ന് ഭയന്നിട്ടാകാമെന്നാണ് സംശയം. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡിയപേക്ഷയില്‍ ഷൈജുവിനെതിരേ പരാമര്‍ശങ്ങളൊന്നുമില്ലാതിരുന്നിട്ടും എന്തിനാണ് ഷൈജു മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയതെന്നാണ് അന്വേഷിക്കുന്നത്.
മോഡലുകളുടെ വാഹനം പിന്തുടരുകയും അപകടത്തിനുശേഷം മിനിറ്റുകള്‍ക്കുള്ളില്‍ സംഭവസ്ഥലത്തെത്തുകയും ചെയ്തയാളാണ് ഷൈജു. ഒക്ടോബര്‍ 31-ന് ഹോട്ടല്‍ നമ്പര്‍ 18-ല്‍ നടന്ന ഡി.ജെ. പാര്‍ട്ടിക്ക് ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടിയിലേക്ക് മോഡലുകളെ അയാള്‍ ക്ഷണിച്ചിരുന്നോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും.