പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന് വൈദ്യ പരിശോധന നടത്താന്‍ കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന ലേക്ക്ഷോര്‍ ആശുപത്രിയില്‍ പരിശോധന നടത്താനാണ് നിര്‍ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്കി.
ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീക്കരിക്കാന്‍ കോടതി നിര്‍ദ്ദേശം. ഇതിനായി എറണാകുളം ഡിഎംഒയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ചുമതലപ്പെടുത്തി. ബോര്‍ഡ് എത്രയും വേഗം രൂപീകരിച്ച് ഇബ്രാഹിം കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കണം. ഞായറോ തിങ്കളോ ആയി പരിശോധന നടത്താം. ചൊവ്വാഴ്ച രാവിലെ 11ന് മുമ്പ് കോടതിയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ കോപ്പി കോടതിയില്‍ സമര്‍പ്പിക്കും മുമ്പ് കിട്ടണമെന്ന ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യം ജഡ്ജി തള്ളി.
ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വിജിലന്‍സിനെ അറിയിച്ചത്. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ കഴിയില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് സംഘം കോടതിയെ സമീപിച്ചത്. ഇബ്രാഹിംകുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കി. ഇത് പരിഗണിച്ച കോടതി ഇബ്രാഹിംകുഞ്ഞിനെ വൈദ്യ പരിശോധന നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.