തൃശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍. നഗരത്തില്‍ ചാറ്റല്‍ മഴ പെയ്തുതുടങ്ങിയതാണ് അനിശ്ചിതത്വത്തിനു കാരണമായത്. ഇന്ന് ഉച്ചക്ക് ഒരു മണിക്കും ഒന്നരയ്ക്കും ഇടയ്ക്കാണ് വെടിക്കെട്ട് തീരുമാനിച്ചിരുന്നത്. ഇതിനായുള്ള ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായിരുന്നു. എന്നാല്‍, മഴ തുടരുകയാണെങ്കില്‍ വെടിക്കെട്ട് ഇന്നും മുടങ്ങും.
ചാറ്റല്‍ മഴയായി ആരംഭിച്ചെങ്കിലും ഇപ്പോള്‍ മഴ ശക്തി പ്രാപിച്ചിട്ടുണ്ട്. വെടിക്കെട്ടിനായി കുറ്റികള്‍ സ്ഥാപിച്ച് തിരിയിട്ടുകഴിഞ്ഞെങ്കിലും മഴ പെയ്തതിനാല്‍ ഇതൊക്കെ മൂടിവച്ചിരിക്കുകയാണ്. മഴ അര മണിക്കൂറെങ്കിലും മാറിനിന്നാല്‍ വെടിക്കെട്ട് നടത്തുമെന്ന് മന്ത്രി കെ രാജന് പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാവും മാലപ്പടക്കം മൂടിവെക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
നാല് മണി എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന സമയം. മന്ത്രി കെ രാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വെടിക്കെട്ട് ഉച്ചയ്ക്ക് നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മില്‍ ധാരണയായിട്ടുണ്ട്.
പൂരം നാളില്‍ പുലര്‍ച്ച മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് പലതവണ മാറ്റിവച്ചത്. പകല്‍പ്പൂരം കഴിഞ്ഞ് അന്ന് രാത്രി പൊട്ടിക്കാനായിരുന്നു ആദ്യ തീരുമാനം. അന്നും മഴ പെയ്തതോടെ അടുത്ത ദിവസത്തേക്ക് തീരുമാനിച്ചു. ഇതും മാറ്റിവെക്കുകയായിരുന്നു.
കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷവും തൃശൂര്‍ പൂരം ചടങ്ങുകളായി മാത്രം ഒതുക്കുകയായിരുന്നു. മഹാമാരിക്കു ശേഷം നടന്ന പൂരം കാണാന്‍ പതിനായിരങ്ങളാണ് പൂരനഗരയിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ വില്ലനായി അവതരിച്ച മഴ പൂരപ്രേമികളെ നിരാശയിലാക്കി. കുടമാറ്റത്തിന്റെ സമയത്തടക്കം കനത്ത മഴയാണ് പെയ്തത്. എന്നാല്‍ പൂരത്തിന്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നു. തുടര്‍ന്ന് നടന്ന എഴുന്നള്ളിപ്പുകളെ മഴ കാര്യമായി ബാധിച്ചു. ഇവ ചടങ്ങ് മാത്രമാക്കി അവസാനിപ്പിക്കുകയായിരുന്നു.