തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനായി കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഉടന്‍ പൊതുജന സവാരിക്കിറങ്ങും. കോഴിക്കോട്-ബെംഗളൂരു പാതയില്‍ സര്‍വീസ് നടത്തുവാനെന്നാണ് വിവരം. റൂട്ട് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടാവും. നവകേരള യാത്രയ്ക്ക് ശേഷം ഈ ബസ് കെ.എസ്.ആര്.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി നല്കുവാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, കഴിഞ്ഞ ദിവസമാണ് ബസിന്റെ പെര്‍മിറ്റില്‍ മാറ്റം വരുത്തിയത്. ടിക്കറ്റ് കൊടുത്ത് ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ സര്‍വീസ് നടത്തുന്നതിനായി കോണ്‍ട്രാക്ട് ക്യാരേജ് ആയിരുന്ന പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് ആക്കി മാറ്റി.
അന്തര്‍സംസ്ഥാന യാത്രയ്ക്കുള്ള പെര്‍മിറ്റ് ഈ വാഹനത്തിന് എടുക്കുന്നതായിരിക്കും അടുത്ത നടപടി. പൊതുമേഖല സ്ഥാപനമായതിനാല്‍ തന്നെ കെ.എസ്.ആര്.ടി.സിയെ സംബന്ധിച്ച് ഇതില്‍ കാലത്താമസമുണ്ടാകാനിടയില്ലെന്നാണ് കരുതുന്നത്. 1.15 കോടി രൂപ മുതല്‍ മുടക്കിലാണ് ഭാരത് ബെന്‍സിന്റെ ഒ.എഫ്. 1624 ഷാസിയില്‍ പ്രകാശ് ബോഡിയുമായി ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. രണ്ടാമത് ബസില്‍ വരുത്തിയ മാറ്റത്തിനും ഒന്നരലക്ഷം രൂപയോളം ചെലവായിരുന്നു.
സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്നതിനാവശ്യമായ മാറ്റങ്ങള്‍ ബസിനുള്ളിലും വരുത്തിയിട്ടുണ്ട്. സീറ്റുകളില്‍ ഉള്‍പ്പെടെയാണ് ഈ മാറ്റങ്ങള്‍. മുഖ്യമന്ത്രിക്ക് ഇരിക്കുന്നതിനായി നല്‍കിയിരുന്ന സീറ്റ് അഴിച്ചുമാറ്റിയിരുന്നു. നവകേരള സദസിന് ശേഷം ബസിനുള്ളില്‍ സര്‍വീസ് നടത്തുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഈ ബസിന്റെ ബോഡി നിര്‍മിച്ച ബെംഗളൂരുവിലുള്ള പ്രകാശ് ബസ് ബോഡി ബില്‍ഡിങ്ങ് കമ്പനിയിലേക്ക് മാറ്റിയിരുന്നു.
നവകേരള സദസ് കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് ബസ് പുറത്തിറങ്ങുന്നത്. ജനുവരിയില്‍ ബെംഗളൂരുവിലേക്ക് കൊണ്ടുപോയ വാഹനം മൂന്ന് മാസത്തോളമാണ് ബസ് അവിടെ കിടന്നത്. ഒരു മാസം മുമ്പ് ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സില്‍ എത്തിക്കുകയായിരുന്നു.