പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുന്നതിനെ ചൊല്ലി പാര്‍ട്ടിക്കകത്ത് അഭിപ്രായഭിന്നതയുണ്ടായെന്ന വാര്‍ത്ത തളളി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്. പി ശശിക്ക് പാര്‍ട്ടിക്കകത്ത് ഒരു അയോഗ്യതയുമില്ല. അദ്ദേഹത്തെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാനുളള പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തെ എല്ലാവരും ഐക്യകണ്ഠമായാണ് സ്വീകരിച്ചതെന്നും ജയരാജന് വ്യക്തമാക്കി. ഈ കാര്യത്തില്‍ ഉയര്‍ന്നു വരുന്ന വിവാദങ്ങളില്‍ കഴമ്പില്ലെന്നും ഇപി ജയരാജന് പറഞ്ഞു.
‘ഒരിക്കല്‍ പുറത്താക്കി എന്നത് കൊണ്ട് ആജീവനാന്തം വിലക്കേര്‍പ്പെടുത്തണമെന്നില്ല. എല്ലാ മനുഷ്യര്‍ക്ക് തെറ്റ് പറ്റും. തെറ്റ് പറ്റാത്തവരായി ആരുമില്ല, ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യവെ ചെറിയ പിശകുകളും സംഭവിച്ചേക്കാം. അച്ചടക്ക നടപടി ഒരാളെ നശിപ്പിക്കാനല്ല അത് തെറ്റ് തിരുത്താനുളള അവസരമാണെന്നും’ ജയരാജന് വ്യക്തമാക്കി.
‘മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കുകയാണെങ്കില്‍ അവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യും. എല്ലാ പാര്‍ട്ടിയുടേയും അണികള്‍ ഇടതു പക്ഷ ആശയത്തില്‍ ആകൃഷ്ടരാകുന്നു എന്നത് യാഥാര്‍ഥ്യമാണ്. യുഡിഎഫിന്റെ പല നിലപാടുകളോടും ലീഗിനകത്ത് തന്നെ അഭിപ്രായ ഭിന്നതയുണ്ട്. അത് പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ടെന്നും’ ഇപി ജയരാജന് ചൂണ്ടിക്കാട്ടി.
പി ശശിയുടെ നിയമനത്തെ എതിര്‍ത്ത് സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന് രംഗത്തെത്തിയിരുന്നു. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും പി ശശി മുന്‍പ് ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു. പി ജയരാജന്റെ വിയോജിപ്പില്‍ കോടിയേരി ബാലകൃഷ്ണന് അതൃപ്തി പ്രകടിപ്പിച്ചു. നിയമനം ചര്‍ച്ച ചെയ്യുമ്പോഴല്ല എതിര്‍പ്പ് അറിയിക്കേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞു. സംസ്ഥാന സമിതിയില്‍ അല്ലേ ചര്‍ച്ച ചെയ്യാന്‍ പറ്റൂ എന്ന് പി ജയരാജന് തിരിച്ചടിച്ചു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയിലേക്ക് രണ്ടാം ഊഴമാണ് പി ശശിയെ തെരഞ്ഞെടുത്തത്. നേരത്തെ ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പി ശശി സേവനം ആനുഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്കും നിയോഗിക്കപ്പെട്ടിട്ടുണ്ട്.