ദൃശ്യം 2 വിജയത്തിന് കാരണം മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. ഡിജിറ്റല്‍ ബാങ്കിംഗ് ട്രാന്‍സാക്ഷനിലെ വര്‍ദ്ധനവുണ്ടായിരുന്നില്ലെങ്കില്‍ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല. 2016ലെ നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിര്‍ത്താന്‍ സഹായിച്ചതിന്റെ നേര്‍സാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിംഗെന്നും സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
”ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം. ആദ്യ സിനിമ പോലെ തന്നെ സസ്പെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍. മലയാള സിനിമ പുതിയൊരു നോര്‍മലിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ്. ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതല്‍ സിനിമകളെത്തും. ഡിജിറ്റല്‍ ഇന്ത്യക്ക് നന്ദി. ഡിജിറ്റല്‍ ബാങ്കിംഗ് ട്രാന്‍സാക്ഷനിലെ വര്‍ദ്ധനവുണ്ടായിരുന്നില്ലെങ്കില്‍ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല. 2016ലെ ഡിമോണിറ്റൈസേഷന്, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിര്‍ത്താന്‍ സഹായിച്ചതിന്റെ നേര്‍സാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിംഗ്. സന്ദീപ് ജി വാര്യര്‍”.
പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനവും ട്രോളുകളും കാണാം. ജിത്തു ജോസഫ് ദൃശ്യം 2 എടുക്കുമെന്നും അത് വിജയിക്കണമെങ്കില്‍ നോട്ട് നിരോധനം വേണമെന്നും കാലേ കൂട്ടി കണ്ട ആ മഹാപ്രതിഭയായ, ത്രികാല ജ്ഞാനി ആയാ ‘ജി’ യുടെ ആ ദീര്‍ഘവീക്ഷണം നമ്മള് കാണാതെ പോവല്ല് എന്നാണ് ഒരാളുടെ പ്രതികരണം. അപ്പൊ ഹോളിവുഡ് സിനിമകളൊക്കെ മുന്‍പേ ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ ഇറങ്ങിയിരുന്നത് ആ നാട്ടിലെ ഏതെങ്കിലും ഒരു മണ്ടന്‍ നോട്ട് നിരോധിച്ചതുകൊണ്ടാണ് അല്ലേ, നന്ദി മിത്രമേ എന്നാണ് മറ്റൊരു കമന്റ്. തിയറ്ററിലേക്ക് പോവാനുള്ള പെട്രോള്‍ കാശ് ലാഭം, ജീ എന്താണിത് നമ്മുടെ ഗോമാതാവിനെയാണ് ഈ ജോര്‍ജ്കുട്ടി കൊന്ന് കുഴിച്ചു മൂടിയത്, 2020ല്‍ കോവിഡ് വരുമെന്നും അപ്പോള്‍ നമ്മുടെ സമ്പദ് വ്യവസ്ഥ സജീവമാക്കി നിര്‍ത്താനാണ് 2016ല്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെന്നു എത്ര പേര്‍ക്ക് അറിയാം എന്നിങ്ങനെ രസകരമായ കമന്റുകള്‍ പോസ്റ്റിന് താഴെ കാണാം.
വ്യാഴാഴ്ച രാത്രിയോടെയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മികച്ചൊരു ക്രൈം ത്രില്ലര്‍ എന്നാണ് പൊതുവെയുള്ള അഭിപ്രായം. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ മിക്ക താരങ്ങളും ഉണ്ട്. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി, സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ പുതിയതായി എത്തി.