രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ടെന്ന് സിപിഐഎം. എംഎം മണിയെയും സിപിഐഎം ജില്ലാ നേതൃത്വത്തെയും തള്ളി കോടിയേരി ബാലകൃഷ്ണന്. രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിയ നടപടി 2019 ല്‍ സര്‍ക്കാരെടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. പട്ടയം റദ്ദാക്കിയതിന്റെ പേരില്‍ ആരെയും ഒഴിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടയം നിയമാനുസൃതമല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ ഭാഗം.
ഇടുക്കി ജില്ലയിലെ സിപിഐഎമ്മിലും സിപിഐയിലുമുണ്ടായ ആശങ്കകള്‍ പരിഹരിക്കുമെന്നും കോടിയേരി വ്യക്തമാക്കി. രവീന്ദ്രന് പട്ടയത്തെ കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തില്‍ അതിന്റെ നിയമ സാധുത പരിശോധിക്കുകയായിരുന്നു ലക്ഷ്യം. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ല. പട്ടയം നഷ്ടപ്പെട്ടവര്‍ വീണ്ടും അപേക്ഷ നല്കി നടപടികള്‍ പൂര്‍ത്തിയാക്കണം.
നിയമപരമായി പരിശോധനകള്‍ നടത്തിയ ശേഷം വീണ്ടും പട്ടയം നല്‍കും. ഇതിന്റെ പേരില്‍ ആരെയും ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമില്ല. വന്‍കിട റിസോര്‍ട്ടുകളുടെ കാര്യത്തില്‍ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ എന്നത് ഇപ്പോള്‍ പറയാനാവില്ലെന്നും കോടിയേരി അറിയിച്ചു.
നേരത്തെ രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിയ ഉത്തരവിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എം എം മണി രംഗത്തെത്തിയിരുന്നു. പട്ടയങ്ങള്‍ രവീന്ദ്രന് സ്വന്തം ഇഷ്ടപ്രകാരം വിതരണം ചെയ്തതല്ലെന്നും ഇടതു സര്‍ക്കാര്‍ നാട്ടുകാര്‍ക്ക് നല്‍കിയതാണെന്നുമാണ് എംഎം മണി പ്രതികരിച്ചത്.
സര്‍ക്കാര്‍ ഉത്തരവിന്റെ സാധുത തന്നെ പരിശോധിക്കപ്പെടണം. പട്ടയം കിട്ടിയവര്‍ ഈ ഉത്തരവിനെതിരെ കോടതിയില്‍പ്പോകും. പട്ടയ ഭൂമിയിലെ പാര്‍ട്ടി ഓഫീസില്‍ തൊടാന്‍ ആരെയും അനുവദിക്കില്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.