രവീന്ദ്രന് പട്ടയത്തിന്റെ പേരില്‍ സിപിഐഎം ഓഫീസില്‍ തൊടാന്‍ ആരെയും അനുവദിക്കില്ലെന്ന് മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം. മണി. പട്ടയം ലഭിക്കുന്നതിന് മുന്‍പ് പാര്‍ട്ടി ഓഫീസ് അവിടെയുണ്ട്. വിഷയം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യകത്മാക്കി. സര്‍ക്കാര്‍ തീരുമാനത്തോട് യോജിക്കുന്നില്ല. തീരുമാനം ചോദ്യം ചെയണോ എന്നതൊക്കെ പാര്‍ട്ടി നേതാക്കളോട് ചോദിക്കണം.
രവീന്ദ്രന് പട്ടയം നല്‍കിയത് സര്‍ക്കാര്‍ നിയമപ്രകാരമെന്ന് എം.എം. മണി പറഞ്ഞു. രവീന്ദ്രന് മുട്ടില്‍ വച്ച് എഴുതി കൊടുത്തതല്ല പട്ടയം. വന്‍കിടക്കാര്‍ക്ക് ഭൂമി നല്‍കിയിട്ടില്ല. ഉത്തരവ് വിശദമായി പരിശോധിക്കുമെന്ന് എം.എം. മണി പറഞ്ഞു.
അതേസമയം പട്ടയം റദ്ദാക്കരുതെന്ന് എം.ഐ രവീന്ദ്രന് ട്വന്റിഫോറിനോട് പറഞ്ഞു. പട്ടയങ്ങള്‍ റദ്ദാക്കിയാല്‍ നിയമക്കുരുക്കിലേക്ക് നീങ്ങുമെന്ന് എം ഐ രവീന്ദ്രന് പറഞ്ഞു.
വിവാദമായ രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഇന്നലെ സര്‍ക്കാര്‍ തീരുമാനമായി. ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ച് 1999ല്‍ ദേവികുളം താലൂക്കില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കാന്‍ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
സംസ്ഥാനത്ത് ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ഉയര്‍ന്ന പേരാണ് രവീന്ദ്രന് പട്ടയങ്ങള്‍. 1999ല്‍ അഡീഷനല്‍ തഹസില്‍ദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ എം ഐ രവീന്ദ്രന് ഇറക്കിയ പട്ടയങ്ങള്‍ വന്‍വിവാദത്തിലായിരുന്നു. ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ച് പട്ടയങ്ങള്‍ നല്‍കിയെന്നായിരുന്നു പരാതി.
ഇടുക്കിയിലെ പല പാര്‍ട്ടി ഓഫീസുകള്‍ക്കും രവീന്ദ്രന് പട്ടയമാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. പട്ടയം റദ്ദാക്കനുള്ള നീക്കങ്ങള്‍ക്കെതിരെ എല്ലാ പാര്‍ട്ടികളും നേരത്തെ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവ്.