സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയും സിഎജിയെ രൂക്ഷമായി വിമര്‍ശിച്ചും നിയമസഭ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്. അസാധാരണ സാഹചര്യത്തിലാണ് പരാമര്‍ശങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതനായതെന്ന ധനമന്ത്രിയുടെ വാദം കമ്മിറ്റി അംഗീകരിച്ചു. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വെച്ചത്.
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും മുമ്പ് ധനമന്ത്രി തോമസ് ഐസക് ചോര്‍ത്തിയെന്നായിരുന്നു വി.ഡി. സതീശന്റെ അവകാശലംഘന നോട്ടീസിലെ ആരോപണം. സിഎജി കീഴ് വഴക്കങ്ങളും ചട്ടങ്ങളും മറികടന്നെന്നും പൊതുസമൂഹവും സഭയും ഇത് ചര്‍ച്ച ചെയ്യണമെന്നുമാണ് എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ. നിലവിലുള്ള ചട്ടങ്ങളും കീഴ്വഴക്കങ്ങളും മറികടന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സിഎജി കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്നും അതാണ് പരാമര്‍ശങ്ങള്‍ക്ക് ഇടയാക്കിയ അസാധാരണ സാഹചര്യം സൃഷ്ടിച്ചതെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വിശദീകരണം.
റിപ്പോര്‍ട്ടില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തതില്‍ ദുരൂഹതയുണ്ടെന്ന മന്ത്രിയുടെ ആരോപണം വസ്തുനിഷ്ഠമാണെന്ന് കമ്മിറ്റി വിലയിരുത്തി. സിഎജി നടപടി ജനങ്ങളുടെ അവകാശങ്ങളുടെ ലംഘനവും സാമാന്യ നീതിയുടെ നിഷേധവുമാണ്. ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണെതിരേ വന്ന സമാന ആരോപണത്തില്‍ രാജ്യസഭ എത്തിക്സ് കമ്മിറ്റി എടുത്ത നടപടി ഉദാഹരിച്ചാണ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.
തീരുമാനം തെറ്റായ കീഴ്വഴക്കങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് വിയോജനകുറിപ്പില്‍ പ്രതിപക്ഷാംഗങ്ങള്‍ രേഖപ്പെടുത്തി. സഭയിലെ കീഴ്വഴക്കങ്ങള് ലംഘിച്ചും ഭരണഘടനാ വ്യവസ്ഥകള്‍ അവഗണിച്ചുമാണ് ധനമന്ത്രി സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും പ്രതിപക്ഷ അംഗങ്ങളായ വി.എസ്. ശിവകുമാര്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എന്നിവര്‍ വിയോജനക്കുറിപ്പില്‍ വിശദീകരിച്ചു.