മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ കര്‍ഷകര്‍ സത്യാഗ്രഹത്തിലൂടെ ധാര്‍ഷ്ട്യത്തെ പരാജയപ്പെടുത്തി എന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
”കേന്ദ്ര തീരുമാനം കര്‍ഷക സമരത്തിന്റെ വിജയമാണ്. കര്‍ഷകര്‍ സത്യാഗ്രഹത്തിലൂടെ അഹങ്കാരത്തെ തോല്പിച്ചു. ജയ് ഹിന്ദി, ജയ് കര്‍ഷകര്‍…’ രാഹുല്‍ ട്വീറ്റ് ചെയ്തു. ”എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക, സര്‍ക്കാരിന് കാര്‍ഷിക നിയമങ്ങള്‍ തിരിച്ചെടുക്കേണ്ടി വരും” എന്ന തന്റെ പഴയ ട്വീറ്റിനൊപ്പമാണ് രാഹുലിന്റെ പ്രതികരണം.
എല്ലാ പഞ്ചാബികളുടെയും ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചതെന്ന് പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ച പ്രധാനമന്ത്രിക്ക് നന്ദിയുണ്ടെന്നും അമരീന്ദര്‍ ട്വിറ്ററില്‍ കുറിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമെന്ന് കെ സോമപ്രസാദ് എം പി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി മാപ്പു പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. കര്‍ഷക പ്രതിഷേധങ്ങളില്‍ ജീവന് നഷ്ടമായ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ ധനസഹായം നല്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം എന്ന് സോമപ്രസാദ് എം.പി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമെന്ന് എ.ഐ.സി.സി നിര്‍വാഹക സമിതി അംഗം എ.കെ ആന്റണി പറഞ്ഞു. കര്‍ഷകര്‍ക്ക് വൈകിയാണ് നീതി ലഭിച്ചതെന്നും ആന്റണി പറഞ്ഞു.
ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ചെറുകിട കര്‍ഷകരെ ലക്ഷ്യം വച്ചായിരുന്നു നിയമം. ശാസ്ത്രീയമായി മണ്ഡികളുടെ പ്രവര്‍ത്തനം ക്രമീകരിക്കാനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡികളെ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍, ഇത് മനസ്സിലാക്കാന്‍ ഒരു വിഭാഗം കര്‍ഷകര്‍ തയ്യാറായില്ല. അവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരം സംഘടിപ്പിച്ചു. സമരത്തെ ദീര്‍ഘമായി നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. അവരെ ബോധ്യപ്പെടുത്താന്‍ ഏറെ ശ്രമിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.