വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം അവസാനത്തോടെ നിയമം ഇല്ലാതാകും. കര്‍ഷകള്‍ ഭൂരിഭാഗവും ദരിദ്രരാണെന്നും അവരുടെ വേദന മനസ്സിലാക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ന് രാവിലെ രാജ്യത്തെ അഭിംസബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം. നിയമം മൂലമുണ്ടായ ബുദ്ധിമുട്ടില്‍ കര്‍ഷകരോട് പ്രധാനമന്ത്രി മാപ്പു പറയുകയും ചെയ്തു. രണ്ട് വര്‍ഷത്തേക്ക് നിയമം നടപ്പാക്കുന്നത് നീട്ടിവെക്കുമെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ വീണ്ടും മൂന്ന് കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ കൊണ്ടു വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ നിയമം എന്തുകൊണ്ട് പിന്‍വലിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞില്ല.
സമരം അവസാനിപ്പിക്കണമെന്ന് കര്‍ഷകരോട് മോദി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നിയമത്തിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തി. നിയമങ്ങള്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായാണ് കൊണ്ടു വന്നതെന്നും തീരുമാനം വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
കാര്‍ഷിക നിയമങ്ങളില്‍ പാര്‍ളമെന്റില്‍ ചര്‍ച്ച നടന്നു. വ്യാപകമായി ഈ നിയമങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ ചിലര്‍ക്ക് നിയമത്തിന്റെ ഗുണമോ പ്രാധാന്യമോ മനസിലാകുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുരു നാനാക്ക് ദിന സന്ദേശവുമായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
നിയമങ്ങള്‍ രാജ്യത്താകമാനം ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയാക്കിയിരുന്നു. ഇവയാണ് അഞ്ചു സംസ്ഥാനങ്ങളിലടക്കം നിരവധി തെരഞ്ഞെടുപ്പകള്‍ നടക്കാനിരിക്കെ മോദി സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. ഒരു വര്‍ഷം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് നടപടി. വരുന്ന ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തിലാണ തുടര്‍നടപടി ഉണ്ടാകുക. നിയമം പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റിലേക്കും എം.പിമാരുടെ ഓഫിസുകളിലേക്കും കര്‍ഷക സംഘടനകള്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു.
അധികാരത്തിലെത്തിയ ശേഷം കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുവെന്നും ചെറുകിട കര്‍ഷകര്‍ക്കായി കേന്ദ്രം വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ അധിക വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കാന്‍ പുതിയ നിയമങ്ങള്‍ക്ക് സഹായിച്ചു. പ്രഥമ പരിഗണന നല്‍കിയത് കര്‍ഷകരുടെ ക്ഷേമത്തിനാണ്.
നഷ്ടപരിഹാരമായി ഒരു ലക്ഷം കോടി കര്‍ഷകര്‍ക്ക് നല്കി. മുന്‍ വര്‍ഷങ്ങളേക്കാള്‍ കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കര്‍ഷകരുടെ ക്ഷേമം പരിഗണിച്ചാണ് സര്‍ക്കാര്‍ എല്ലാം ചെയ്യുന്നത്. താങ്ങുവില കൂട്ടി, ബജറ്റ് അഞ്ചിരട്ടി വിഹിതം വര്‍ധിപ്പിച്ചു. കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ട്. ബജറ്റ് വിഹിതം അഞ്ചിരട്ടി കൂട്ടിയും സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നിന്നു. കര്‍ഷകരുടെ സ്ഥിതി ഇനിയും മെച്ചപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും എന്നാല്‍ ഒരു വിഭാഗത്തെ ഇപ്പോഴും ഇത് ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും കര്‍ഷകരുമായി ഇപ്പോഴും ആശയ വിനിമയം നടത്തി കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുരുനാനാക്ക് ദിനത്തില്‍ ആശംസ പറഞ്ഞ പ്രധാനമന്ത്രി ഒന്നര വര്‍ഷത്തിന് ശേഷം കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നതായും അറിയിച്ചു.