ആലുവ : പൊലിസ് ഒത്താശയോടെ പെരിയാറില്‍ അനധികൃത മണല്‍വാരല്‍ രൂക്ഷമായതോടെ സംഘത്തിന്റെ ഒറ്റുകാരും കൂട്ടുകാരുമായ 17 പോലിസ് ഉദ്ധ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ പൊലിസ് ചീഫ് നടപടിയെടുത്തു. ഏഴുപേരെ സസ്്പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ പത്തുപേരെ സ്ഥലം മാറ്റി. കണ്മുന്നിലൂടെ അനധികൃതമായി വാരിയ മണല്വഞ്ചി കടന്നുപോകുന്നത് കണ്ടിട്ടും നടപടിയെടുക്കാതെ സ്ഥലത്തുനിന്ന് മുങ്ങിയ സംഘത്തിലുള്ളവരടക്കമാണ് നടപടിക്ക് വിധേയരായിട്ടുള്ളത്.
മണല്കടത്തിനെക്കുറിച്ച് പട്രോളിങിനെത്തിയ പോലീസിനോട് യുവാക്കള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ മണല്‍വാരുന്നത് നല്ലതല്ലേയെന്നും വെള്ളപ്പൊക്കത്തില്‍ അത് സഹായകമാകുമെന്നുമാണ് പോലീസ് യുവാക്കള ഉപദേശിച്ച് മടക്കിയത്. ഈ സമയം മണല്വഞ്ചി കടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസിന് ഇത് നേരിട്ട് കാണിച്ചുകൊടുത്തു. ഇപ്പോള്‍ വരാമെന്നു പറഞ്ഞ് പോലീസ് മുങ്ങുകയാണുണ്ടായതെന്ന് യുവാക്കള്‍ പറയുന്നു. പോലീസ് മണല്വാഹനത്തിന്റെ പിന്നാലെ പായില്ല, മുന്നില്‍ വന്നാല്‍ കിട്ടേണ്ടത് വാങ്ങി അവരെ പറഞ്ഞുവിടുകയും ചെയ്യും.
ആലുവ പെരിയാറില്‍ മണപ്പുറത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളിലും തുരുത്ത് സീഡ് ഫാം, മംഗലപ്പുഴ പാലം, പരുന്തുറാഞ്ചി മണപ്പുറം എന്നിവയ്ക്ക് സമീപവുമാണ് മണലെടുപ്പ് രൂക്ഷമായത്.
പോലീസുകാര്‍ക്ക് സസ്പെന്ഷന്, ഇടനിലക്കാരും നിരീക്ഷണത്തില്‍
അനധികൃത മണ്ണെടുപ്പ് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയവിവിധ പോലീസ് സ്റ്റേഷനുകളിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. 10 പേരെ സ്ഥലംമാറ്റുകയും ചെയ്തു. എസ്.പി. വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
പി.എം. അലി (ഗ്രേഡ് എസ്.ഐ., കുറുപ്പംപടി), മാന്സന് ടി. തോമസ് (എ.എസ്.ഐ. അങ്കമാലി), ടി.ഇ. അന്‍സാര്‍ (ഡ്രൈവര്‍, എച്ച്.സി.), സി.പി.ഒ.മാരായ ടി.എസ്. അനീഷ്, ജീമോന്‍ കെ. പിള്ള (ഇരുവരും പെരുമ്പാവൂര്‍), സിജാസ്, കെ.വി. സിജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കുന്നത്തുനാട്, കുറുപ്പംപടി, പെരുമ്പാവൂര്‍, കാലടി, അയ്യമ്പുഴ പോലീസ് സ്റ്റേഷനുകളിലുള്ളവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എസ്.ഐ. മുതല്‍ താഴേക്കുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നടപടിയെടുത്തിരിക്കുന്നത്. അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് എസ്.പി.ക്ക് വിവിധ പരാതികള്‍ പലയിടങ്ങളില്‍നിന്നായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണം നടത്തിയത്.
മണ്ണുകടത്ത് സംഘവുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷണത്തിലാക്കി. അവരുടെ മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചു. നിരവധിയാളുകളുടെ മൊഴിയും അന്വേഷണ സംഘം ശേഖരിച്ചു. തുടര്‍ന്ന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഇവരുടെ ഇടനിലക്കാരും നിരീക്ഷണത്തിലാണെന്ന് പോലിസ് പറഞ്ഞു. വരും ദിവസങ്ങളിലും കൂടുതല്‍ നടപടിയുണ്ടാകുമെന്ന് എസ്.പി. വിവേക് കുമാര്‍ അറിയിച്ചു.
മോട്ടോര്‍ ഘടിപ്പിച്ച വഞ്ചികളിലെത്തിയാണ് മണല്‍ വാരുന്നത്. രാത്രി ഒന്‍പതരയോടെ കടത്തുകടവ് ഭാഗത്തുനിന്നും കൂട്ടമായും ഒറ്റയായും മോട്ടോര്‍ഘടിപ്പിച്ച വഞ്ചികള്‍ കുത്തിത്തുഴഞ്ഞ് വെളിച്ചമില്ലാത്ത ഭാഗങ്ങളിലെത്തും. മറുനാടന്‍ തൊഴിലാളികളെ ഉപയോഗിച്ചാണ് വലിയ വഞ്ചിയില്‍ മണല്‍വാരി കടത്തുന്നത്. വഞ്ചി നിറയുന്നതുവരെ ഓരോ സംഘവും മണലൂറ്റ് തുടരും. പുലര്‍ച്ചെ വരെ ഓരോ വഞ്ചിയിലായി മണല്‍ നിറയ്ക്കും. നിറയുന്ന വഞ്ചികള്‍ സ്ഥലം കാലിയാക്കും. പോലീസിനകത്തു നിന്നുതന്നെ മണല്‍ മാഫിയയ്ക്ക് സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പുവരെ പോലീസ് പട്രോളിങ് നടത്താറുണ്ടായിരുന്നെങ്കിലും നിലവില്‍ പരിശോധനനിലച്ച അവസ്ഥയാണ്.
മണല്‍വാരല്‍ തടയുന്നതിനായി പുഴയില്‍ പട്രോളിങ് നടത്താന്‍ സ്പീഡ് ബോട്ട് സംവിധാനം ആലുവ പോലീസിന് ഇല്ലെന്ന പരാതി ചില പോലിസുകാരെങ്കിലും പറയുന്നുണ്ട്. ഉണ്ടായിരുന്ന 2 ബോട്ടാണങ്കില് പെരിയാറ്റിലുമാണ്. വെള്ളംകയറ്റി നശിപ്പിച്ചുകളഞ്ഞ ഇവയിലൊന്നിന്റെ എഞ്ചിന് കരപ്പുറത്തുണ്ടെന്നുമാണ് വിവരം. ബോട്ടുള്ളപ്പോള് പോലും പേരിന് പരിശോധന നടത്തിയിരുന്നവരാണ് ബോട്ടില്ലന്ന ദുരവസ്ഥകാട്ടി വിലപിക്കുന്നത്.
2018-ലെ പ്രളയത്തിനും 2019-ലെ വെള്ളപ്പൊക്കത്തിനും ശേഷം പെരിയാറില്‍ വലിയതോതില്‍ മണല്‍ നിക്ഷേപം ഉണ്ടായിട്ടുണ്ട്. ഇത് ലക്ഷ്യമിട്ടാണ് മണല്‍വാരല്‍ സംഘം വഞ്ചിയുമായി രാത്രിയില്‍ എത്തുന്നത്.