പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പാര്‍ലമെന്റ് ഐടി സമിതിയും അന്വേഷിച്ചതെന്ന് ശശി തരൂര്‍. ഐടി, ആഭ്യന്തര മന്ത്രാലയ പ്രതിനിധികളെ സമിതി വിളിച്ചെങ്കിലും ആരും എത്തിയില്ല. സര്‍ക്കാരിന്റെ സഹകരണമില്ലാതെ കണ്ടെത്താനാവില്ല. ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. രണ്ട് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ മുന്നൂറോളം ഇന്ത്യക്കാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കണ്ടെത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് ലോക്സഭയിലും ബിനോയ് വിശ്വം രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി.
ഇന്ത്യക്ക് ഇസ്രയേല്‍ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്ന് സുബ്രഹ്മണ്യന് സ്വാമി എം.പി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് പോലെ സത്യം ബിജെപിയെ വേദനിപ്പിക്കുമെന്നും അദ്ദേഹം ട്വീറ്ററില്‍ പ്രതികരിച്ചു.
ഫോണ്‍ ചോര്‍ത്തലിന്റെ തെളിവുകള്‍ കണ്ടെത്തിയത് ഇന്ത്യയില്‍ നിന്നുള്ള ദി വയര്‍ ഉള്‍പ്പെടെ ലോകത്തെ 16 മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ്.