മൂവാറ്റുപുഴ: ചലച്ചിത്ര അക്കാഡമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എന്‍.അരുണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പ്രഥമ നാടകത്തിന്റെ പ്രഘ്യാപനം ചലച്ചിത്ര സംവിധായകന് വിനയന് നിര്‍വഹിച്ചു. അപരം എന്ന് പേരിട്ടിരിക്കുന്ന നാടകത്തില്‍ വര്‍ത്തമാന കാല ജീവിത സങ്കീര്‍ണ്ണതകളും പ്രതിസന്ധികളുമാണ് പ്രമേയമാകുന്നത്. ഏറ്റവും ജീവസ്സുറ്റ കലയായ നാടകമേഖല കൂടുതല്‍ സജീവമാകേണ്ടതുണ്ടെന്നും അരുണ്‍ ഉള്‍പ്പടെയുള്ള യുവകലാകരന്മാര് നാടക രംഗത്തേക്ക് കടന്നുവരുന്നതില്‍ വലിയ പ്രതീക്ഷയുണ്ടെന്നും നാടകത്തിന്റെ പേര് പ്രഖ്യാപിച്ചു കൊണ്ട് മുന്‍ നാടക കലാകാരന് കൂടിയായ വിനയന് പറഞ്ഞു.
എന്‍.അരുണിനൊപ്പം പ്രമുഖ യുവ സിനിമാ പ്രവര്‍ത്തകരും അപരം എന്ന നാടകത്തിന്റെ ഭാഗമാകുന്നുണ്ട്. മൂലധന ശക്തികളുടെയും സമ്പന്ന വര്‍ഗ്ഗത്തിന്റെയും ലാഭക്കൊതിയുടെയും സ്വാര്‍ത്ഥതയുടെയും ഇരകളായി മാറുന്നത് സാധാരണക്കാരാണ്. ഭരണകൂടവും നീതിന്യായ വ്യവസ്ഥിയുംവരെ സാധാരക്കാരന്റെ ജീവിതത്തിന് സുരക്ഷിതത്വം ഉറപ്പു നല്‍കുന്നില്ല എന്നതാണ് നാടകം ചര്‍ച്ച ചെയ്യുന്നത്. തെരുവുനായ ആക്രമണങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ വരെ മരിച്ചു വീഴുമ്പോഴും വിഷം വമിക്കുന്ന ഫാക്ടറികള്‍ മനുഷ്യജീവനു ഭീഷണിയാകുമ്പോഴും നീതിന്യായ വ്യവസ്ഥിതിവരെ പരിഹാരം കാണാതെ ഇരുട്ടില്‍ തപ്പുന്നതിലുള്ള പതിഷേധമാണ് അപരം എന്ന തന്റെ നാടകം എന്ന് എന്‍.അരുണ്‍ പറഞ്ഞു. റിയല്‍ വ്യു ക്രിയേഷന്‍സിന്റെ ബാനറിലാണ് നാടകം അരങ്ങിലെത്തുന്നത്.