തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ പരീക്ഷണ ഓട്ടം ആരംഭിച്ചു. കാസര്‍കോട് വരെയാകും ഇന്നത്തെ പരീക്ഷണ ഓട്ടം. കാസര്‍കോട് നിന്ന് തിരിച്ചും പരീക്ഷണ ഓട്ടം നടത്തും. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 5.20നാണ് ട്രെയിന്‍ പുറപ്പെട്ടത്. ഇന്നലെയായിരുന്നു നിരവധി പേരുടെ ആവശ്യത്തെ തുടര്‍ന്ന് വന്ദേഭാരത് സര്‍വീസ് കാസര്‍കോട് വരെ നീട്ടിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്.
കാസര്‍കോട് വരെ എത്താന്‍ എട്ടര മണിക്കൂറാണ് പ്രതീക്ഷിക്കുന്ന യാത്രാസമയം. നിലവില്‍ ഈ റൂട്ടിലെ വേഗമേറിയ ട്രെയിന്‍ തിരുവനന്തപുരം- നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസിന്റെ യാത്രാസമയം ഏകദേശം ഒമ്പത് മണിക്കൂറാണ്. ട്രെയിനിന്റെ വേഗതയും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.
ഈ മാസം 25നാണ് വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. തുടക്കത്തില്‍ എട്ടു കോച്ചുകളുമായാകും സര്‍വീസ്. വന്ദേഭാരതിന്റെ ആശയത്തെ തന്നെ ഇല്ലാതാക്കുമെന്നതിനാല്‍ കൂടുതല്‍ സ്റ്റോപ്പ് അനുവദിക്കില്ലെന്നും പകരം കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.