രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ദിനംപ്രതി ഉയരുന്ന പോസിറ്റീവ് കേസുകളും മരണ നിരക്കും രാജ്യത്തെ ഏറെ ആശങ്കയിലാക്കി. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ലഫ്റ്റ്നെന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേരും.
അതേസമയം ബീഹാറിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തീരുമാനിച്ചു. രാത്രി ഒന്‍പത് മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ. പച്ചക്കറി കടകള്‍ ഉള്‍പ്പെടെ വൈകിട്ട് ആറ് മണിക്ക് അടയ്ക്കണമെന്നാണ് നിര്‍ദേശം. ബിഹാറിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു മാസത്തെ ശമ്പളം ബോണാസായി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പല സംസ്ഥാനങ്ങളും അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ വാക്സിനേഷന് നടപടിയെ ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.