സില്‍വര്‍ ലൈനിനെതിരായ സമരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ പൊലീസ് അതിക്രമം കാട്ടുകയാണെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിനെതിരായ മുദ്രാവാക്യം വിളികളുമായി വനിതാ പ്രവര്‍ത്തകര്‍ ഓഫീസിന് മന്നില്‍ തടിച്ചു കൂടിയിരിക്കുകയാണ്. പൊലീസും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വനിതാ പൊലീസുകാര്‍ ഉള്‍പ്പടെ പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തുന്നുണ്ട്. ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് തിരൂരും ചോറ്റാനിക്കരയിലും സമരക്കാര്‍ പ്രതിഷേധം തുടരുകയാണ്.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി ജനാധിപത്യ കേരളത്തെ ഒന്നിച്ചു നിര്‍ത്തുമെന്നാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും കൈവന്നു. സ്ത്രീകളും കുട്ടികളും ജനകീയ പ്രക്ഷോഭത്തിന്റെ ശക്തി എന്തെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തി. എന്നാല്‍ യാതൊരു അക്രമത്തിനും മുതിരാതിരുന്ന ഈ ജനതയോട് പൊലീസ് ക്രൂരത കാണിച്ചു. സ്ത്രീകളെ പൊലീസ് ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു. നൊട്ടോറിയസായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തെ ക്രൂരമായി അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ നടന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പെണ്‍കുട്ടികളെയും കൊച്ചുകുട്ടികളെയും ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് രംഗത്തെത്തിയിരുന്നു. കെ-റെയില്‍ സര്‍വേ കല്ലിടലിനെതിരെ പ്രതിഷേധം നടക്കുന്ന കോട്ടയം മാടപ്പള്ളിയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സില്‍വര്‍ലൈനിനായി അശാസ്ത്രീയമായ സര്‍വേ നടപടികളാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രാഥമിക സാധ്യതാ പഠനം നടത്തിയ സംഘത്തലവന് അലോക് കുമാര്‍ വര്‍മ്മ നേരത്തേ പ്രതികരിച്ചിരുന്നു. പദ്ധതിക്കായി സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത് അനാവശ്യമാണ്. ലിഡാര്‍ സര്‍വേ നടന്ന സ്ഥലങ്ങളില്‍ സര്‍വേക്കല്ല് സ്ഥാപിക്കേണ്ട ആവശ്യമില്ല. സംസ്ഥാന സര്‍ക്കാരിനെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അലോക് കുമാര്‍ വര്‍മ വ്യക്തമാക്കിയിരുന്നു.