ഏറെ ലോകശ്രദ്ധയാകര്‍ഷിച്ച ന്യുസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡന് രാജിയ്ക്കൊരുങ്ങുന്നു. രാജി അടുത്ത മാസം ഉണ്ടാകുമെന്ന് ജസീന്ത തന്നെയാണ് പ്രഖ്യാപിച്ചത്. ന്യുസിലാന്‍ഡില്‍ ഒക്ടോബര്‍ 14ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോഴാണ് ജസീന്ത ആര്‍ഡന്റെ രാജി പ്രഖ്യാപനം.
ഒരു തെരഞ്ഞെടുപ്പിനെ കൂടി നേരിടാന്‍ തനിക്ക് ഊര്‍ജമില്ലെന്നും പ്രധാനമന്ത്രി പദം തന്നില്‍ നിന്നും പലതും എടുത്ത് കളഞ്ഞെന്നും വിശദീകരിച്ചുകൊണ്ടാണ് ജസീന്തയുടെ രാജി പ്രഖ്യാപനം. ലേബര്‍ പാര്‍ട്ടിയുടെ നേതൃപദവി സ്ഥാനവും ജസീന്ത ആര്ഡന് ഒഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭാവി പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ലെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ മാത്രമാണ് നിലവില്‍ ആഗ്രഹിക്കുന്നതെന്നും ജസീന്ത പറഞ്ഞു.
‘ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം നമ്മള് പ്രവര്‍ത്തിക്കും. അതിന് ശേഷം സമയമാകും. എന്നെ സംബന്ധിച്ചിടത്തോളം സമയമായി. ഈ പദവി എന്താണ് എന്ന് എനിക്ക് നന്നായി അറിയാം. രാജ്യത്തെ നയിക്കാന്‍ നിങ്ങള്‍ എപ്പോഴാണ് ഉചിതമെന്നും അല്ലെന്നും തിരിച്ചറിയാനുള്ള ഉത്തരവാദിത്വം നമുക്ക് ഉണ്ടായിരിക്കണം. ഇനിയൊരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജ്ജമില്ല.’ ജസിന്‍ഡ പറഞ്ഞു.
2017ല്‍ തന്റെ 37-ാം മത്തെ വയസ്സിലാണ് ജസിന്‍ഡ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. കൊവിഡ് മഹാമാരിയിലും ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ നടന്ന ഭീകരാക്രമണ സമയങ്ങളിലും ന്യൂസിലാന്‍ഡിനെ ജസിന്‍ഡ ആര്ഡേന് നയിച്ചു.
രാജ്യത്തെ സമാധാനത്തിലേക്ക് നയിക്കുക എന്നതാണ് ഏറെ പ്രധാനമെന്ന് ഉറച്ചുവിശ്വസിച്ച നേതാവായിരുന്നു ജെസീന്ത. ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്ലീം പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ ജസീന്ത ഹിജാബ് ധരിച്ചെത്തിയതും വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.