ഭിന്നത തുടരുന്ന എന്‍സിപിയില്‍ മാണി സി. കാപ്പനെ അനുനയിപ്പിക്കാന്‍ എ.കെ. ശശീന്ദ്രന് പക്ഷത്തിന്റെ ശ്രമം. പാലായ്ക്ക് പകരം കുട്ടനാട് സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. എന്തുവന്നാലും പാലാ വിട്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് മാണി സി.കാപ്പനും വ്യക്തമാക്കി. അടുത്തയാഴ്ച പ്രശ്ന പരിഹാരത്തിന് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ എത്തുന്നതിന് മുന്നോടിയായാണ് അനുനയ നീക്കങ്ങള്‍ നടക്കുന്നത്. മന്ത്രി എ.കെ. ശശീന്ദ്രന് മാണി സി. കാപ്പനെ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചു. പാലാ സീറ്റ് നഷ്ടപ്പെടുകയാണെങ്കില്‍ മാണി സി. കാപ്പന് പകരം സീറ്റ് ഉറപ്പാക്കാം എന്ന വാഗ്ദാനമാണ് ശശീന്ദ്രന് നല്‍കിയത്. കുട്ടനാട് സീറ്റ് നല്‍കാമെന്ന വാഗ്ദാനം മാണി സി.കാപ്പന് സ്വീകാര്യമല്ല.
അതേസമയം കുട്ടനാട് വിട്ടുകൊടുക്കാനുള്ള നീക്കത്തില്‍ ശശീന്ദ്രന് പക്ഷത്തും അതൃപ്തിയുണ്ട്. തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ.തോമസ് കുട്ടനാട്ടില്‍ മല്‍സരിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ്. മറിച്ചുള്ള ഏതുനീക്കവും ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ പിന്തുണ ശശീന്ദ്രന് നഷ്ടപ്പെടുത്തുകയും ചെയ്യും. ഇന്നലെ ശശീന്ദ്രന്റെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗം എന്തുസംഭവിച്ചാലും ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കാനുള്ള തീരുമാനത്തിലേക്കാണ് എത്തിയത്.
23നാണ് ശരദ് പവാര്‍ കേരളത്തിലെത്തുന്നത്. അതിന് മുന്നോടിയായി പരമാവധി ജില്ലാ കമ്മറ്റികളെയും സംസ്ഥാന ഭാരവാഹികളെയും ഒപ്പം നിര്‍ത്താനുള്ള തന്ത്രമാണ് ഇരു പക്ഷവും പയറ്റുന്നത്. ജോസ് കെ.മാണിയോട് പാലായില്‍ ഏറ്റുമുട്ടി വിജയിക്കുന്നത് ബുദ്ധിമുട്ടാണെന്ന് മാണി സി.കാപ്പനെ ബോധ്യപ്പെടുത്താനാണ് ശശീന്ദ്രന് പക്ഷം ശ്രമിക്കുന്നത്. ജോസ് കെ. മാണിയോട് പരാജയപ്പെട്ടാല്‍ മാണി സി. കാപ്പന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിക്കുമെന്ന പ്രചാരണവും ശശീന്ദ്രന് പക്ഷം നടത്തുന്നുണ്ട്.