കെ-റെയില്‍ പദ്ധതിക്കെതിരെയുള്ള യുഡിഎഫിന്റെ പ്രതിഷേധം കടുപ്പിച്ചുകൊണ്ട് ഇന്ന് സംസ്ഥാന വ്യാപകമായി സമരം നടത്തും. സെക്രട്ടേറിയറ്റിനു മുന്നിലും സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന 10 ജില്ലാ കലക്ടറേറ്റുകള്‍ക്കു മുന്നിലുമാണ് സമരം സംഘടിപ്പിക്കുന്നത്. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിനു മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എംപിയാവും ഉദ്ഘാടനം ചെയ്യുക.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് സമരം നടത്തുന്നത്. കോട്ടയം കലക്ടറേറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോഴിക്കോട് പി.കെ. കുഞ്ഞാലിക്കുട്ടിയും പത്തനംതിട്ടയില്‍ പി.ജെ.ജോസഫും ഉദ്ഘാടനം ചെയ്യുമ്പോള്‍ ആലപ്പുഴയില്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനും കൊല്ലത്ത് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും തൃശൂരില്‍ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി.ദേവരാജനും മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും കണ്ണൂരില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎല്‍എയും കാസര്‍കോട് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.