തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനുനേരെ അംഗങ്ങളുടെ പരിഹാസ ശരം. വാര്‍ത്താ സമ്മേളനങ്ങള്‍ കണ്ട് ജനം വോട്ട് ചെയ്യുമെന്ന് നേതാക്കള്‍ കരുതരുതെന്ന് ഷാനിമോള്‍ ഉസ്മാന് പരിഹസിച്ചു. സംഘടനാപരമായ പാളിച്ചകളാണ് പരാജയത്തിന് കാരണമെന്നാണ് നേതാക്കള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്. തോല്‍വി സമ്മതിക്കാത്ത നേതാക്കളാണ് തോറ്റതെന്ന് അംഗങ്ങള്‍ പരിഹസിച്ചു.
അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെ.പി.സി.സി എന്തുചെയ്തുവെന്ന് നേതൃത്വത്തിനെതിരെ ഷാനിമോള്‍ ഉസ്മാന് വിമര്‍ശനമുയര്‍ത്തി. നേതാക്കളെ ജനം ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാവുമെന്നും ഷാനിമോള്‍ പറഞ്ഞു. ഇത്തരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രവര്ത്തനമെങ്കില് ആറ് മാസം കഴിയുമ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇതുപോലെ യോഗം ചേരാമെന്നാണ് വി.ഡി സതീശന് പരിഹസിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്ത് പഞ്ചായത്തുകള്‍ കൂടുതല്‍ കിട്ടിയെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തിന് ‘അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പത്ത് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ മതിയോ’ എന്നായിരുന്നു പി.സി വിഷ്ണുനാഥിന്റെ പ്രതികരണം. കെ.പി.സി.സി. ഭാരവാഹികള്‍ക്ക് ചുമതല നല്‍കാത്തതും വിമര്‍ശനവിധേയമായി. ന്യൂനപക്ഷ വോട്ടുകള്‍ എല്‍.ഡി.എഫിലേക്കും ഭൂരിപക്ഷവോട്ടുകള്‍ ബി.ജെ.പിയിലേക്കും പോവുന്നത് തടയണം. ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ നടപടിയുണ്ടാവണമെന്നും യോഗത്തില്‍ ചര്‍ച്ചയുയര്‍ന്നു.
ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശം കൊണ്ടു മാത്രമല്ല ക്രിസ്ത്യന്‍ വോട്ടുകളില്‍ ഇടിവ് വന്നതെന്ന് അഭിപ്രായമുയര്‍ന്നു. തിരുത്തല്‍ നടപടികള്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തണമെന്നും യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.