തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തകര്‍ന്നടിഞ്ഞുവെന്നു പറയുന്നത് വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നു പി.ജെ ജോസഫ്. 2015 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ ജോസഫ് വിഭാഗം നേട്ടം ഉണ്ടാക്കിയെന്നും പാലാ നഗരസഭയിലും പാല മണ്ഡലത്തിലെ പഞ്ചായത്തുകളിലും ജോസ് കെ മാണി വിഭാഗം വലിയ നേട്ടമുണ്ടാക്കി എന്ന് പറയുന്നത് തെറ്റാണെന്നും കണക്കുകള്‍ നിരത്തി പി.ജെ ജോസഫ് പറയുന്നു.
ഇടുക്കി ഉള്‍പ്പെടെ മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കിയെന്ന് പി.ജെ ജോസഫ് കണക്കുകള്‍ നിരത്തുന്നു. സംസ്ഥാനത്തു ഒട്ടാകെ 290 ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഇതില്‍ ഏഴുപേര്‍ സ്വതന്ത്ര ചിഹ്നത്തില്‍ ആണ് ജയിച്ചത്. ജോസ് കെ. മാണി വിഭാഗത്തിന് 293 സീറ്റുകള്‍ ആണ് ലഭിച്ചതെന്നും പി.ജെ ജോസഫ് പറയുന്നു. ഇടുക്കി ജില്ലാപഞ്ചായത്തില്‍ 87 സ്ഥാനാര്‍ത്ഥികള്‍ ആണ് ജോസഫ് വിഭാഗത്തില്‍ നിന്നു വിജയിച്ചത്. ജില്ലാപഞ്ചായത്തില്‍ മത്സരിച്ച അഞ്ചില്‍ നാലിടത്തും ജയിച്ചു. തൊടുപുഴ നഗരസഭയില്‍ നിലവിലെ സ്ഥിതി തുടരുന്നു. 27 അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന കോട്ടയം ജില്ലയില്‍ 99 പേരാണ് ഇത്തവണ ജോസഫ് വിഭാഗത്തില്‍ നിന്നു ജയിച്ചത്.
എറണാകുളം, പത്തനംത്തിട്ട, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ ജോസഫ് വിഭാഗത്തിന് പ്രതിനിധികള്‍ ഉണ്ടായെന്നും പിജെ പറയുന്നു. 2015 ല്‍ പാലാ നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളില്‍ മീനച്ചില്‍, തലനാട് എലിക്കുളം, കടനാട് പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് ആണ് ഭരിച്ചത്. അവ നിലനിര്‍ത്തിയത് കൂടാതെ കരൂര്‍ പഞ്ചായത്ത് മാത്രമാണ് ഇത്തവണ കൂടുതല്‍ ലഭിച്ചത്.
മറ്റു പഞ്ചായത്തുകളില്‍ യു.ഡി.എഫ് ഭരണം പിടിച്ചു. കണക്കുകള്‍ ഇങ്ങനെയെങ്കില്‍ ജോസ് കെ മണി ഇടതുമുന്നണിയില്‍ എത്തിയതോടെ എങ്ങനെയാണ് പാലായില്‍ നേട്ടം ഉണ്ടായതെന്നും പി.ജെ ജോസഫ് ചോദിച്ചു.