എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ ഒക്ടോബര്‍ രണ്ടുവരെ പതിനഞ്ച് ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. കൊവിഡ് രോഗിയെ യാത്രചെയ്യാന്‍ അനുവദിച്ചതിന്റെ പേരിലാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നടപടിയെന്നാണ് വിവരം. വിലക്കിനെ തുടര്‍ന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് പുനഃക്രമീകരിച്ചു.
കൊവിഡ് പോസിറ്റീവായ യാത്രക്കാരനെ സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്ത്യയില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടി ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ രണ്ട് തവണ നടപടി ഉണ്ടായിട്ടുണ്ടെന്നാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചൂണ്ടിക്കാട്ടിയത്. ഇത് ഗുരുതര പിഴവാണെന്നും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നു.
ഈ മാസം നാലിന് ജയ്പൂരില്‍ നിന്ന് ദുബായിലേക്ക് വന്ന യാത്രക്കാരന് കൊവിഡ് പോസിറ്റീവ് റിസള്‍ട്ടുമായാണ് യാത്ര ചെയ്തത്. ഇതാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നടപടിക്ക് ഇടയാക്കിയത്.