മാധ്യമ പ്രവര്ത്തകന് ചമഞ്ഞു സമരക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി തുറമുഖത്തെ സുരക്ഷാ ജീവനക്കാരന്. കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച് മത്സ്യത്തൊഴിലാളികള്‍. അവകാശ സംരഷണത്തിനായുള്ള മത്സ്യത്തൊഴിലാളികളുടെ സമരം വിഴിഞ്ഞം തുറമുഖ കവാടത്തില്‍ മൂന്നാം ദിനത്തിലേക്ക് കടക്കുകയാണ്.
സമര മുഖത്ത് സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടയിലാണ് അദാനി തുറമുഖ സെക്യൂരിറ്റി രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരാള്‍ മാധ്യമ പ്രവര്‍ത്തകനെന്ന പേരില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയത് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രസ് എന്ന് എഴുതിയ ഐഡി കാര്‍ഡ് ടാഗ് കഴുത്തില്‍ തൂക്കി നിന്ന ഒരാള്‍ സമരക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചില മത്സ്യത്തൊഴിലാളികള്‍ ഇയാളെ തടഞ്ഞു വെച്ചു.
മാധ്യമ പ്രവര്ത്തകന് ആണെന്ന് പറഞ്ഞു ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഐഡി കാര്‍ഡ് കാണിക്കാന്‍ സമരക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിഴിഞ്ഞം സി ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സമരക്കാര്‍ സമ്മതിച്ചില്ല.
തുടര്‍ന്ന് സമരക്കാര്‍ ബലം പ്രയോഗിച്ച് ഇയാളുടെ പക്കല്‍ നിന്ന് നിന്ന് പ്രസ് എന്ന് എഴുതിയ ചുവന്ന ടാഗിലുള്ള ഐഡി കാര്‍ഡ് പിടിച്ചു വാങ്ങി നോക്കിയപ്പോഴാണ് ഇയാള്‍ അദാനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരന് ആണെന്ന് കണ്ടെത്തിയത്.
ഗുണ്ടകളെ ഇറക്കി സമരക്കാരെ ആക്രമിക്കാനുള്ള ശ്രമം ആണ് അദാനി നടത്തുന്നത് എന്ന് സമരക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് പൊലീസ് ഏറെ നേരം നടത്തിയ അനുനയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഇയാളെ സമരക്കാര്‍ പൊലീസിന് കൈമാറിയത്.