നയതന്ത്ര പാഴ്സല്‍ വിഭാഗത്തിന് നികുതി ഇളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം. കസ്റ്റംസ് അയച്ച സമന്‍സിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ ഇളവ് സര്‍ട്ടിഫിക്കറ്റിനായി യുഎഇ കോണ്‍സുലേറ്റോ ഏതെങ്കിലും ഉദ്യോഗസ്ഥരോ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം വ്യക്തമാക്കി. ഇമെയില്‍ വഴിയും സ്പീഡ് പോസ്റ്റിലൂടെയുമാണ് പ്രോട്ടോക്കോള്‍ വിഭാഗം കസ്റ്റംസിന് മറുപടി നല്‍കിയത്.
നയതന്ത്ര ബാഗേജ് വഴി സാധനങ്ങള്‍ വരുമ്പോള്‍ നികുതിയിളവിനായി സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടോ ഇത് വിശദമാക്കുന്ന ഹാന്‍ഡ്ബുക്കിന്റെ പകര്‍പ്പ്. 2019 മുതല്‍ 2021 വരെയുളള കാലത്ത് എത്രതവണ ഇളവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട് ഇതിന്റെ പകര്‍പ്പ്, എന്നീ കാര്യങ്ങളിലാണ് കസ്റ്റംസ് വിശദീകരണം തേടിയത്.
നയതന്ത്ര ബാഗേജ് വഴി സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ നികുതി ഇളവ് ലഭിക്കുവാന്‍ 20 ലക്ഷത്തിന് മുകളില്‍ മൂല്യം വരുന്ന പാക്കേജാണെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും 20 ലക്ഷത്തില്‍ താഴെയാണെങ്കില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെയും രേഖാമൂലമുളള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇക്കാര്യം 2018 ലെ പ്രോട്ടോക്കോള്‍ ഹാന്‍ഡ്ബുക്കില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ പകര്‍പ്പും കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. എന്‍ഐഎയും പ്രോട്ടോക്കോള്‍ വിഭാഗത്തിന് സമന്‍സ് അയച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.