നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരായ പ്രതിപക്ഷ പ്രമേയത്തിന് അനുമതിയില്ല. 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിച്ചില്ലെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം സ്പീക്കര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇത് സൂചിപ്പിച്ചിരുന്നു. സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കും. കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പരമാവധി നാല് മണിക്കൂര്‍ ചര്‍ച്ചയായിരിക്കും ഉണ്ടാകുക. ഒറ്റദിവസമാണ് നിയമസഭ ചേരുന്നത്.
ഒരു ദിവസത്തെ സമ്മേളനമാണ് ധനബില്‍ പാസാക്കാനായി വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഓഗസ്റ്റ് 24 നാണ് ധനബില്‍ പാസാക്കുന്നതിലേക്കായി നിയമസഭാ സമ്മേളനം ചേരുന്നത്. എന്നാല്‍ 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കിയാണ് നിയമ സഭ ചേരേണ്ടതെന്നും അത് നടന്നില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ എതിര്‍വാദം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. അസാധാരണ സാഹചര്യത്തിലെ അസാധാരണ സഭ ചേരുമ്പോള്‍ അസാധാരണമായ പ്രമേയത്തിന് അനുമതി നല്‍കണം. സഭ കൂടുന്നതിന് 15 ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ല. പ്രതിപക്ഷത്തിന് മാത്രമായി എങ്ങനെയാണ് മുന്‍കൂര്‍ നോട്ടിസ് ബാധകമാകുന്നതെന്ന് ചെന്നിത്തല ചോദിച്ചു.
നേരത്തെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയം പരിഗണിക്കില്ലെന്ന് പി ശ്രീരാമകൃഷ്ണന് പറഞ്ഞിരുന്നു. തനിക്ക് എതിരെയുള്ള നോട്ടീസ് ആയതുകൊണ്ട് പരിഗണിക്കാതിരിക്കില്ലെന്നും എന്നാല്‍ സാങ്കേതികത്വങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.