ഓണ്‍ലൈന്‍ ക്ലാസ് മറയാക്കി നടത്തുന്ന ചതിക്കുഴി സംബന്ധിച്ച കേസുകള്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ്. സൈബര്‍ സെല്ലിലെയും സൈബര്‍ സ്റ്റേഷനിലെയും ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് അന്വേഷിക്കുക.
അധ്യാപകനെന്നോ, സുഹൃത്തെന്നോ ചമഞ്ഞ് വിദ്യാര്‍ത്ഥികളെ വിളിക്കുകയും, അവരില്‍ നിന്ന് മോശം ചിത്രം തട്ടിയെടുത്ത് പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തന രീതി. പതിനെട്ട് വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളാണ് കൂടുതലായും ഈ തട്ടിപ്പിന് ഇരയാകുന്നത്. മഞ്ചേരിയിലും ചങ്ങരംകുളത്തും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേസുകള്‍ ഗൗരവമായി കാണുന്നെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും എസ്പി അറിയിച്ചു. കേസുകളില്‍ പോക്സോ കേസ് ചുമത്തും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് എസ്പി നിര്‍ദ്ദേശം നല്കി. വിദ്യാര്‍ത്ഥികള്‍ നെറ്റ് കോളുകളോ പരിചയമില്ലാത്ത കോളുകളോ അറ്റന്‍ഡ് ചെയ്യരുതെന്നും എസ്പി മുന്നറിയിപ്പ് നല്കി.