മുവാറ്റുപുഴ : വികസന പ്രവർത്തനങ്ങളെ സിപിഎം തുടർന്നും എതിർത്താൽ അതിനെ നിയമപരമായി നേരിടുമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ. നഗര വികസന പദ്ധതിയെ എതിർക്കുന്ന സിപിഎം നിലപാടിനെതിരെ മുവാറ്റുപുഴ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിലേക്ക് കോൺഗ്രസ് മുവാറ്റുപുഴ, മഞ്ഞള്ളൂർ ബ്ലോക്ക് കമ്മിറ്റികൾ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അഴിമതിക്കെതിരെ പോരാടുന്നതിന് തന്നെ വേട്ടയാടുന്നതിനെ രാഷ്ട്രീയപരമായി നേരിടുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. എന്നാൽ നാടിന്റെ വികസന പ്രവർത്തനങ്ങൾ അലങ്കോലമാക്കുന്ന പ്രവൃത്തിയിൽ നിന്നും സിപിഎം പിന്മാറണം. വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തി മുവാറ്റുപുഴയിലെ ജനങ്ങളെ തോൽപ്പിക്കാമെന്ന് സിപിഎം കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതിക്ക് മാത്രമല്ല മുവാറ്റുപുഴയിലെ മറ്റു പല വികസന പദ്ധതികൾക്കും സിപിഎമ്മിന്റെ അപ്രഖ്യാപിത വിലക്കുണ്ട്. അനാവശ്യമായ രാഷ്ട്രീയ ഇടപെടൽ മൂലം ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിലെ 17 തഹസിൽദാർമാരെയാണ് ഇതിന്റെ ഭാഗമായി സ്ഥലം മാറ്റിയത്.
നഗര വികസന പദ്ധതിയുമായി ബന്ധപ്പെട്ടു വൈദ്യുതി ബോർഡിന്റെ ആർ.എം.യു ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സിപിഎം ഭരണം നിയന്ത്രിച്ചിരുന്ന മുവാറ്റുപുഴ റബർ മാർക്കറ്റിംഗ് സൊസൈറ്റി എതിർപ്പ് ഉയർത്തിയത്. എന്നാൽ സൊസൈറ്റി സർക്കാർ ഏറ്റെടുത്തതാണെന്നും ഭരണ സമിതി അംഗങ്ങളും മുൻ ജീവനക്കാരും ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയത് നിയമ വിരുദ്ധ പ്രവൃത്തിയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. വികലമായ വാദങ്ങളാണ് ഈ വിഷയത്തിൽ സൊസൈറ്റി ഉന്നയിക്കുന്നതെന്ന് എംഎൽഎ ആരോപിച്ചു.
കഴിഞ്ഞ 20 വർഷമായി മുവാറ്റുപുഴ ചർച്ച ചെയ്യുന്ന പദ്ധതിയാണ് നഗര വികസന പദ്ധതി. ഇടക്കാലത്ത് പ്രവർത്തനങ്ങൾ മുടങ്ങിയപ്പോൾ എംഎൽഎയുടെ നേതൃത്വത്തിൽ നിരവധി ഉന്നത തല യോഗങ്ങൾ നടത്തിയും തുടർ പ്രവർത്തനങ്ങൾ വിലയിരുത്തിയുമാണ് പദ്ധതി മുന്നോട്ട് കൊണ്ട് പോയത്. രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്ന സ്ഥലമാണ് മുവാറ്റുപുഴ. മുവാറ്റുപുഴയുടെ മുഖഛായ തന്നെ മാറ്റുന്ന രീതിയിൽ രൂപരേഖക്ക് മാറ്റം വരുത്തിയാണ് പദ്ധതി മുന്നോട്ടു പോകുന്നത്.
നഗരത്തിൽ വൈദ്യുതി വിതരണം കൂടുതൽ സുഗമവും സുരക്ഷിതമാക്കുവാനും ഭൂഗർഭ കേബിൾ ലൈനുകളാണ് സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി 13 ഇടങ്ങളിലാണ് ആർ.എം.യു ട്രാൻസ്ഫോർ സ്ഥാപിക്കുന്നത്. പദ്ധതി അവസാന ഘട്ടത്തിൽ എത്തിയ അവസ്ഥയിലാണ് സിപിഎം എതിർപ്പുമായി രംഗത്ത് വരുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇനിയും ഇത്തരത്തിലുള്ള ഇടപെടൽ തുടർന്നാൽ കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്ത് വരുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ അറിയിച്ചു.
ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ പ്രതിഷേധ മാർച്ചിൽ അധ്യക്ഷത വഹിച്ചു. സുഭാഷ് കടയ്ക്കോട്, കെ.എം സലിം, അഡ്വ. വർഗീസ് മാത്യു, സലിം ഹാജി, പി.പി എൽദോസ്, കെ.എം പരീത്, മുഹമ്മദ് പനക്കൻ, കെ.ജി രാധാകൃഷ്ണൻ, എൻ.കെ അനിൽ കുമാർ, കെ.എ അബ്ദുൾ സലാം, ഷാൻ പ്ലാക്കുടി, ജോളി മോൻ സി.വൈ, പി.പി ജോളി, പി.എം അബുബക്കർ, ഷിബു പരീക്കൻ, സി.കെ അയ്യപ്പൻ, ഷാജി സി ജോൺ, റോബിൻ എബ്രഹാം, ബിജു ജോസഫ്, സാജു വർഗീസ്, ജിന്റോ ടോമി, മുഹമ്മദ് റഫീഖ്, എബി പൊങ്ങണത്തിൽ, സിനി ബിജു, മിനി എൽദോ, സാറാമ്മ ജോൺ, ജെയിംസ് ജോഷി, ആൽബിൻ യാക്കോബ്, പി.കെ മനോജ്, സന്തോഷ് ഐസക്, കെ.വി കുര്യാക്കോസ്, മാത്യൂസ് വർക്കി എന്നിവർ സംസാരിച്ചു.