കണ്ണൂര്‍: ബിജെപിയെ പ്രതിരോധിക്കുന്ന തനിക്കെതിരെ വലിയ അക്രമണമാണ് എല്‍ഡിഎഫ് നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി. ഞാന്‍ മുഴുവന്‍ സമയവും ബിജെപിയെ എതിര്‍ക്കുന്നു, കേരള മുഖ്യമന്ത്രി മുഴുവന്‍ സമയവും എന്നെ എതിര്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. എന്തുകൊണ്ട് കേരള മുഖ്യമന്ത്രിക്കെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല? എന്തുകൊണ്ട് ഇഡി ഇവിടെ വരുന്നില്ല? ഔദ്യോഗിക വസതി എടുത്ത് കളയുന്നില്ല? എന്നും രാഹുല്‍ ചോദിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി പിടിച്ചടക്കിയിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിജെപി ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഒരു ഭാഷ രാജ്യത്തെ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മലയാളം ഒരു ഭാഷ മാത്രമല്ല, മലയാളിയുടെ സങ്കടവും സന്തോഷവും സംസ്കാരവും എല്ലാം ചേര്‍ന്നതാണ് മലയാളമെന്നും രാഹുല്‍ പറഞ്ഞു.
വേദിയിലെ ബൊക്കെ എടുത്ത് ഉയര്‍ത്തിയ രാഹുല്‍ ഓരോ പൂക്കളും വ്യത്യസ്തമെന്ന് അതിനെ ഇന്ത്യയോട് ഉപമിച്ച് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ഒറ്റയ്ക്ക് നില്ക്കുമ്പോള് ഉള്ളതിനെക്കാള്‍ ഭംഗിയാണ് കൂട്ടമായി നില്ക്കുമ്പോള്. ഒരു കൂട്ടം പൂക്കളില്‍ നിന്ന് ഒരു തരം പൂക്കള്‍ മാത്രം മതിയെന്നാണ് ആര്‍എസ്എസ് പറയുന്നത്. തമിഴ്നാട്ടിലെ ദോശ ഇഷ്ടമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി കേരളത്തിലെ ദോശയും മനസിലാക്കണം. ഈ വ്യത്യസ്തത മാറ്റാന്‍ ഒരിക്കലും കഴിയില്ലെന്നും പ്രധാനമന്ത്രി വെറുതെ സമയം കളയുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
മണിപ്പൂരില്‍ പ്രധാനമന്ത്രി ഒരു തവണ പോലും പോയില്ല. അവിടെയുള്ള ജനങ്ങളോട് സംസാരിച്ചില്ലെന്നും രാഹുല്‍ ആരോപിച്ചു. ആര്‍എസ്എസ്-ബിജെപി എന്ത് ചെയ്താലും താന്‍ അവര്‍ക്കെതിരെ പോരാടും. ഓരോ ദിവസവും ഉണരുമ്പോള്‍ ബിജെപിയെ എങ്ങനെ അസ്വസ്ഥതപ്പെടുത്താമെന്നാണ് ആലോചിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.