തിരുവനന്തപുരം: യൂത്ത് ലീഗ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജും കണ്ണീര് വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് കുപ്പിയും പ്ലാസ്റ്റിക് പൈപ്പും വലിച്ചെറിഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിനെതിരെ സേവ് കേരള മാര്‍ച്ച് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി നടത്തിയത്. അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ, തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. രാവിലെ 10ന് മ്യൂസിയം ജങ്ഷനില്‍ നിന്ന് തുടങ്ങി സെക്രട്ടേറിയറ്റിന് മുന്നില്‍ റാലി അവസാനിച്ചു. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.