വിവിദ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോര്‍ട്ടിനൊപ്പമുള്ള ധനമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നു. റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനാ വിരുദ്ധമാണെന്നാണ് വിഡി സതീശന് ഉന്നയിച്ചു. അതേസമയം, ഗവര്‍ണറുടെ അനുമതിയോടു കൂടിയാണ് മന്ത്രി വിശദീകരണം നല്‍കുന്നതെന്നായിരുന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന് സഭയെ അറിയിച്ചത്. ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം സഭയെ അറിയിച്ചു.
ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കാത്തത് എന്ന തലക്കെട്ടോടു കൂടി റിപ്പോര്‍ട്ടിന്റെ 45,46 പേജുകളിലാണ് കിഫ്ബിയെപറ്റി പ്രതിപാദിക്കുന്നത്. സംസ്ഥാനത്തിന്റെ സഞ്ചിത നികുതിയുടെ ഉറപ്പിന് മുകളില്‍ സംസ്ഥാന സര്‍ക്കാറിന് ഇന്ത്യന്‍ ഭൂപ്രദേശത്തില്‍ കടമെടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന വാചകത്തിലാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. കിഫ്ബി മസാലബോണ്ട് പുറത്തിറക്കി വായ്പയെടുത്തത് ഇന്ത്യയിലെ ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യയിലെ ഏതെങ്കിലുമൊരു സംസ്ഥാനത്തിന് വിദേശ വായ്പ സ്വീകരിക്കുന്നതിന് ഭരണഘടന അനുവാദം നല്‍കുന്നില്ലെന്നതാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല, വായ്പ സ്വീകരിക്കാന്‍ എന്‍ഒസി നല്‍കിയിട്ടുള്ള റിസര്‍വ് ബാങ്കിന്റെ നടപടിയിലും ഈ റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ നവംബറിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് ലഭിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് പ്രാഥമികമാണെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രി തോമസ് ഐസക് എതിര്‍ക്കുകയായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സിഎജി നടപടി ക്രമങ്ങള്‍ ലംഘിച്ചുവെന്ന് ധനമന്ത്രിയും പറഞ്ഞു.