സംസ്ഥാനത്ത് അതിരൂക്ഷമായി തുടങ്ങുന്ന പച്ചക്കറി വില വര്‍ദ്ധനവിന് അറുതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ നേരിട്ട് ഇടപെടുന്നു. പച്ചക്കറി വില വര്‍ദ്ധന ജീവിതക്രമങ്ങളെ താളം തെറ്റിക്കുന്ന രീതിയില്‍ കുതിച്ചുയരുന്നതിനിടെയാണ് നിര്‍ണ്ണായക ഇടപെടലുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായ ‘തക്കാളി വണ്ടികള്‍’ ജനങ്ങളെ ത്തേടിയെത്തിത്തുടങ്ങി.
ഒരു കിലോ തക്കാളി 50 രൂപ നിരക്കിലാണ് തക്കാളി വണ്ടിയില്‍ വിതരണം ചെയ്യുന്നത്. രാവിലെ 7.30 മുതല്‍ രാത്രി 7.30 വരെയാണ് തക്കാളി വിതരണം. ഒരു ജില്ലയില്‍ത്തന്നെ രണ്ടു വണ്ടികളെന്ന രീതിയിലാണ് തക്കാളി വിതരണം നടത്തുന്നത്. അങ്ങനെ 28 വണ്ടിയിലൂടെ തക്കാളി കിലോ 50 രൂപയ്ക്ക് നല്‍കും. അതേസമയം തക്കാളി മാത്രമല്ല, മറ്റു പച്ചക്കറികളും വിലക്കുറവില്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് കൃഷി മന്ത്രി പി പ്രസാദ് തക്കാളി വണ്ടികളുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിലെ തക്കാളി കൃഷിചെയ്യുന്ന ഇടങ്ങള്‍, അയല്‍ സംസ്ഥാനങ്ങള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറികള്‍ എത്തിക്കുകയാണ് കൃഷിവകുപ്പ് ചെയ്യുന്നത്. ഇവിടങ്ങളില്‍ നിന്ന് തക്കാളിയും മറ്റു പച്ചക്കറികളും കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന നടപടിയാണ് നടന്നു വരുന്നത്.
ക്രിസ്മസ്- പുതുവത്സരം പ്രമാണിച്ച് ഹോര്‍ട്ടികോര്‍പ്പ് ജനങ്ങള്‍ക്കായി വിപണി ആരംഭിക്കുന്നുണ്ട്. പുതുവത്സര ക്രിസ്മസ് ചന്തകള്‍ 22 മുതല്‍ ജനുവരി ഒന്നുവരെ പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.