തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് വിവാദത്തില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ സിപിഐഎം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ശുപാര്‍ശ കത്തുകള്‍ പ്രചാരണ വിഷയമാക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. യുഡിഎഫ് ഭരണകാലത്തെ ശുപാര്‍ശ കത്തുകള്‍ ഫ്ളെക്സ് ബോര്‍ഡുകളാക്കി തിരുവനന്തപുരം കോര്പറേഷന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അന്നത്തെ യുഡിഎഫ് എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്കയച്ച ശുപാര്‍ശ കത്തുകളാണ് സിപിഐഎം പ്രചരിപ്പിച്ചിരിക്കുന്നത്. ചില പാര്‍ട്ടി പ്രവര്‍ത്തകരെ ചില സ്ഥാനങ്ങളിലേക്കും ഒഴിവുകളിലേക്കും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്താണ് സിപിഐഎം പ്രചരിപ്പിക്കുന്നത്.
ഷാഫി പറമ്പില്‍ ഉമ്മന്‍ ചാണ്ടിയ്ക്കയച്ച കത്ത് വലുതായി അച്ചടിച്ച് ഫ്ളെക്സ് ബോര്‍ഡായി സ്ഥാപിച്ചാണ് സിപിഐഎം പ്രതിരോധം തീര്‍ത്തിരിക്കുന്നത്. ശുപാര്‍ശ കത്ത് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് നഗരസഭയിലെത്തിച്ചേരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഷാഫി പറമ്പിലിന്റെ പേരിലെ ശുപാര്‍ശ കത്തുകള്‍ സിപിഐഎം ഫ്ളെക്സ് ബോര്‍ഡാക്കി പ്രദര്‍ശിപ്പിച്ചത്.
കത്ത് വിവാദത്തില്‍ നഗരസഭയിലെ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാകുകയാണ്. യുഡിഎഫിന്റേയും ബിജെപിയുടേയും കൗണ്‍സിലര്‍മാര്‍ ഉപവാസ സമരവും സത്യഗ്രഹ സമരവും തുടരുകയാണ്.