തിരുവനന്തപുരം: ജര്‍മനിയിലെ ചികില്‍സക്ക് ശേഷം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി തിരിച്ചെത്തി. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും എത്തിയത്.
ജര്‍മനിയില്‍ ലേസര്‍ ശസ്ത്രക്രിയ ആണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്. ലേസര്‍ ശസ്ത്രക്രിയക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മകന് ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കില്‍ പങ്കുവെച്ചിരുന്നു.
നവംബര്‍ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. ആലുവ പാലസില്‍ വിശ്രമത്തിലായിരുന്ന ഉമ്മന്‍ചാണ്ടി ജര്‍മനിയിലേക്ക് പോകും മുമ്പ് തന്റെ പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്കും പോയിരുന്നു.
നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് പുതുപ്പള്ളിയിലെ നാട്ടുകാര്‍ ആകെ വിഷമത്തിലായിരുന്നു. പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് മകന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു.