കിഫ്ബിയില്‍ സിഎജി തന്നത് അന്തിമ റിപ്പോര്‍ട്ടെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. കരട് റിപ്പോര്‍ട്ടെന്ന് പറഞ്ഞത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ചട്ടലംഘനമായിക്കോട്ടെ. അത് നിയമസഭയില്‍ നോക്കാം. കരടില്‍ ഇല്ലാത്ത നാലുപേജ് കൂട്ടിച്ചേര്‍ത്തത് ഡല്‍ഹിയില്‍ നിന്ന് പറഞ്ഞിട്ടാണ്. കേരളത്തിനെതിരെ ഗൂഢാലോചനയെന്നും സിഎജി റിപ്പോര്‍ട്ട് ഏകപക്ഷീയമെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു.
കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്നം സിഎജി റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല, അത് കേരളത്തിന്റെ വികസനത്തെ എങ്ങിനെ ബാധിക്കുമെന്നതാണ് പ്രശ്നം. യുഡിഎഫ് ഇതേക്കുറിച്ചാണ് പറയേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ ചട്ടലംഘനം ഉണ്ടെങ്കില്‍ അതു പരിശോധിക്കാം ആ ചട്ടലംഘനം നേരിടാന്‍ താന്‍ തയ്യാറാണ്. ഇവിടെ വിഷയം കേരളത്തിന്റെ വികസനം അട്ടിമറിക്കപ്പെടുന്നുവെന്നതാണ്. പുതിയ റിപ്പോര്‍ട്ടിലെ സിഎജിയുടെ നിഗമനങ്ങളോട് യുഡിഎഫ് യോജിക്കുന്നുണ്ടോ എന്നാണ് താന്‍ ചോദിക്കുന്നതെന്നും അതിനിതു വരെ മറുപടി വന്നിട്ടില്ലെന്നും ഐസക് പറഞ്ഞു.
മസാല ബോണ്ട് ഇറക്കിയത് റിസര്‍വ് ബാങ്ക് അനുവാദത്തോടെ. ഭരണഘടനാലംഘനമില്ലെന്നും മന്ത്രി പറഞ്ഞു. ‘കിഫ്ബി’ വായ്പയെടുത്തത് സര്‍ക്കാരല്ല, അതിനാല്‍ കേന്ദ്ര അനുവാദം വേണ്ട. സിഎജി റിപ്പോര്‍ട്ട് ഏകപക്ഷീയമാണ് സര്‍ക്കാരുമായി ചര്‍ച്ച നടത്താതെയെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ‘കിഫ്ബി’ ഓഡിറ്ററായത് ടെന്‍ഡര്‍ വഴിയാണ്. കെ.എം.ഏബ്രഹാം ‘കിഫ്ബി’ തലപ്പത്ത് തുടരുമെന്നും ഐസക് പറഞ്ഞു.
കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റ് വായ്പയല്ല. കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നവയാണ്. ഈ ബാധ്യത സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതയല്ല. സിഎജി ഓഡിറ്റ് നടക്കുമ്പോള്‍ കിഫ്ബി എടുത്ത ആകെ വായ്പ മൂവായിരം കോടി രൂപയാണ്. അതിനേക്കാളേറെ തുക സംസ്ഥാന വിഹിതമായി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.