അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനയെ പിന്‍വലിക്കാനുള്ള തീരുമാനം ശരിവച്ച് ജോ ബൈഡന്. താലിബാനുമായുള്ള ചെറുത്തു നില്പ്പില് അഫ്ഗാന് പാടെ പരാജയപ്പെട്ടെന്നും അധിനിവേശം പ്രതീക്ഷിച്ചതിലും നേരത്തെയായെന്നും ബൈഡന് ചൂണ്ടിക്കാട്ടി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു യു.എസ് പ്രസിഡന്റിന്റെ പ്രതികരണം.
അഫ്ഗാനിലെ നിലവിലെ സ്ഥിതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബൈഡന് പറഞ്ഞു. ഇന്ത്യന്‍ സമയം രാത്രി 1.15ന് ആണ് ബൈഡന് രാജ്യത്ത അഭിസംബോധന ചെയ്തത്. ഡോണള്‍ഡ് ട്രംപ് ഒപ്പിട്ട കരാര്‍ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അല്ലാത്ത പക്ഷം സംഘര്‍ഷ സാധ്യത കൂടിയേനേ എന്നുമാണ് ബൈഡന് പറഞ്ഞത്.
അഫ്ഗാനിസ്ഥാന് പോരാടാന്‍ തയാറല്ലാത്ത യുദ്ധത്തില്‍ ഇടപെടാനില്ലെന്നാണ് സേന പിന്മാറ്റത്തില് യു.എസിന്റെ നിലപാട്. അമേരിക്കന്‍ പൗരന്മാര്ക്ക് ഇനിയും ജീവന് നഷ്ടപ്പെടരുത്. താലിബാനുമായി ചര്‍ച്ച നടത്താനുള്ള തന്റെ ഉപദേശം അഫ്ഗാന് പ്രസിഡന്റ് മുഹമ്മദ് ഗനി നിരാകരിച്ചെന്നും ബൈഡന് കുറ്റപ്പെടുത്തി.
സമാധാനമുണ്ടാക്കാന്‍ എല്ലാ സഹായവും അമേരിക്ക നല്‍കിയെന്നും ബൈഡന് പറഞ്ഞു. അഫ്ഗാനിലെ രാഷട്രീയ നേതാക്കളുടെ പലായനത്തേയും സൈന്യത്തിന്റെ കീഴടങ്ങലിനെയും യു.എസ് പ്രസിഡന്റ് രൂക്ഷമായി വിമര്‍ശിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും യു.എസ് പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടി പൂര്‍ത്തിയാകുന്നതോടെ അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധവും അവസാനിപ്പിക്കുമെന്ന് ബൈഡന് കൂട്ടിച്ചേര്‍ത്തു.
അതിനിടെ അഫ്ഗാന് വിഷയത്തില്‍ യു.എന്‍ രക്ഷാസമിതി പ്രമേയം പാസാക്കി. അഫ്ഗാനിസ്ഥാന് ഭീകരരുടെ താവളമാക്കരുതെന്നും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും യു.എന്‍ വ്യക്തമാക്കി.