ബിജെപി അനുകൂല നിലപാട് കൈക്കൊള്ളുന്നുവെന്ന ആരോപണത്തില്‍ നയം വ്യക്തമാക്കി ഫേസ്ബുക്ക്. തങ്ങള്‍ വിദ്വേഷ പ്രചരണത്തിനും ആക്രമണങ്ങള്‍ക്ക് കാരണമാകുന്ന കണ്ടെന്റുകള്‍ക്കും എതിരാണെന്ന് ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കി.
ഇന്ത്യയിലെ ഭരണ പക്ഷത്തിന് അനുകൂല നിലപാടാണ് ഫേസ്ബുക്ക് സ്വീകരിക്കുന്നതെന്ന് അന്തരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഫേയ്ബുക്കിലെ തന്നെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കമ്പനിയുടെ പക്ഷപാത നിലപാട് വാള്‍സ്ട്രീറ്റ് ജേണല്‍ ചൂണ്ടിക്കാണിക്കുന്നത്.
കലാപത്തിന് വരെ വഴിതെളിച്ചേക്കാവുന്ന വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപിയുടെ തെലങ്കാന എംഎല്‍എ രാജ സിംഗിനെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയാറായില്ല. ഇതോടെയാണ് ഫേസ്ബുക്കിന്റെ ബിജെപി അനുകൂല നിലപാട് ചര്‍ച്ചയായത്.
രാജ സിംഗിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വിലക്കാതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്സിക്യൂട്ടീവ് അന്‍ഖി ദാസ് ഇടപെട്ടുവെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.