എറണാകുളം മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി കോടതിവിധി പ്രകാരം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. എറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി പൊലീസും ജില്ലാ ഭരണകൂടവും പള്ളിയില്‍ പുലര്‍ച്ചെ തന്നെ എത്തിയിരുന്നു. നൂറുകണക്കിനു വിശ്വാസികളും വൈദികരും പള്ളിയിലും പരിസരത്തുമായി തടിച്ചുകൂടിയിരുന്നു. പ്രതിഷേധിക്കുന്ന വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയാണ് ജില്ലാ ഭരണകൂടം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.
മെത്രാപ്പൊലീത്തമാരുടെ നേതൃത്തില്‍ ശക്തമായ പ്രതിഷേധമാണ് യാക്കോബായ വിഭാഗം ഉയര്‍ത്തിയത്. പള്ളിയുടെ ഗേറ്റ് കട്ടര്‍ ഉപയോഗിച്ച് പൊലീസ് മുറിച്ചുമാറ്റി. വിശ്വാസികളെ അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റു ചെയ്തവരെ വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റി. തിങ്കളാഴ്ചയ്ക്കകം പള്ളിയേറ്റെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു ഹൈക്കോടതി വിധി. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ തന്നെ പ്രദേശത്ത് വിശ്വാസികള്‍ തമ്പടിച്ചിരുന്നു. സ്ത്രീകളടക്കം സംഘത്തില്‍പ്പെടും. പൊലീസെത്തി വിശ്വാസികളെ പിന്തിരിപ്പിക്കാന് ശ്രമിച്ചുവെങ്കിലും ഇവര്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
നിലവില്‍ യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു പളളി. ആഗോള സുറിയാനി സഭ പരിശുദ്ധനായ പ്രഖ്യാപിച്ച പരുമല തിരുമേനിയുടെ ഇടവകയായിരുന്നു മുളന്തുരുത്തി പള്ളി. ഹൈക്കോടതിയില്‍ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ സമയം ചോദിച്ചിരുന്നു. അതുപോലും അനുവദിക്കാതെയാണ് നടപടിയുണ്ടായതെന്നും മാര്‍ തെയോഫിലോസ് പറഞ്ഞു.