മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തത്. യോഗത്തിനു ശേഷം പവാര്‍ തന്നെയാണ് മാര്‍ഗരറ്റിന്റെ പേര് പ്രഖ്യാപിച്ചത്.
ഗോവ, ഗുജറാത്ത്, രാജസ്ഥാന്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി വഹിച്ചിട്ടുണ്ട്. എഐസിസി മുന്‍ ജോയിന്റ് സെക്രട്ടറിയാണ്.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്.ജെ.ഡി, എസ്.പി, ഇടതുപാര്‍ട്ടികള്‍, എന്‍.സി.പി അടക്കം 17 പാര്‍ട്ടികളാണ് പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തത്. പ്രതിപക്ഷ യോഗത്തില്‍ ഐകകണ്ഠ്യേനെയാണ് മാര്‍ഗരറ്റിനെ തിരഞ്ഞെടുത്തതെന്ന് പവാര്‍ പറഞ്ഞു. ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എ.ഐ.സി.സി ജോയിന്റ് സെക്രട്ടറിയായിരുന്ന മാര്‍ഗരറ്റ് ആല്‍വ മുന്‍ രാജ്യസഭാ സ്പീക്കര്‍ വയലെറ്റ് ആല്‍വയുടെ മരുമകളാണ്. രാജീവ് ഗാന്ധി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. മംഗളൂരു സ്വദേശിയായ മാര്‍ഗരറ്റ് കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ കരുത്തയായ നേതാവാണ്. 1974ല്‍ രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് രാജീവ് ഗാന്ധി മന്ത്രിസഭയില്‍ പാര്ലമെന്റരി കാര്യം, യുവജന- കായിക- വനിതാ- ശിശുക്ഷേമം, മാനവവിഭവ ശേഷി തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഘഡ് ആണ് എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ഇന്നലെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള പരസ്യപോരിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ജഗദീപ് ധന്‍ഘഡ്. 2019ലാണ് ബംഗാള്‍ ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നത്. രാജസ്ഥാന് സ്വദേശിയാണ്. നേരത്തെ ജനതാദള്‍ അംഗമായിരുന്ന ജഗദീപ് 1989-91 കാലയളവില്‍ ലോക്സഭാ അംഗമായിരുന്നു. 1993ല്‍ രാജസ്ഥാനിലെ കിഷന്‍ഗഢ് മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട് നിയമസഭയിലുമെത്തി.
വെങ്കയ്യ നായിഡുവിന്റെ കാലാവധി തീരുന്ന ഒഴിവിലേക്കാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്റ്റ് 10നാണ് നായിഡുവിന്റെ കാലാവധി തീരുന്നത്. ജൂലൈ 19 ആണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. വോട്ടെടുപ്പ് ആഗസ്റ്റ് ആറിനു നടക്കും. തിങ്കളാഴ്ചയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം നടക്കുന്നത്.