കെപിസിസി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ആളുകളെ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ പ്രവര്‍ത്തകരുടെ ആവേശത്തില്‍ അത് സാധിച്ചില്ല.
കൊവിഡ് മാനദണ്ഡം ലംഘിച്ചാല്‍ കേസെടുക്കുന്നതില്‍ എതിരല്ല. പക്ഷേ ഏകപക്ഷീയമായി കേസെടുക്കരുതെന്നും വിഡി സതീശന് കോഴിക്കോട് പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ വൈകാരിക പ്രതികരണത്തിലും മറുപടി. ചെന്നിത്തലയുടെ പ്രതികരണം സാധാരണ കാര്യമാണ്. വിശ്വസിച്ചവരെല്ലാം പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം ഉണ്ടാവണമെന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ ചെന്നിത്തലയോട് തന്നെ ചോദിക്കണമെന്നും വിഡി സതീശന്.
ചിരിക്കുന്നവരെല്ലാം സ്നേഹിതരാണെന്നും പുകഴ്ത്തുന്നവര്‍ എപ്പോഴും കൂടെയുണ്ടാകുമെന്നും വിചാരിക്കരുതെന്നുമായിരുന്നു കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റ കെ സുധാകരന് രമേശ് ചെന്നിത്തല നല്കിയ മുന്നറിയിപ്പ്.