ജ്ഞാനവാപി മസ്ജിദില്‍ എത്തുന്നവരുടെ എണ്ണം നിജപ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. മസ്ജിദില്‍ മുസ്ലീംമുകളുടെ ആരാധന തടസ്സപ്പെടുത്താതെ ‘ശിവലിംഗം’ കണ്ടെത്തിയ പ്രദേശം സംരക്ഷിക്കണം. വാരണാസി കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റി ആവശ്യം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളി.
വാരണാസിയിലെ ജ്ഞാനവാപി മസ്ജിദിലെ വീഡിയോഗ്രാഫി സര്‍വേയെ ചോദ്യം ചെയ്ത് കമ്മിറ്റി ഓഫ് മാനേജ്മെന്റ് നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കേസില്‍ വാദം കേള്‍ക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. സമിതിയുടെ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസത്തെ സമയം കൂടി കോടതി അനുവദിച്ചു.
അതേസമയം അഭിഭാഷക കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രയെ വാരാണസി കോടതി തല്‍സ്ഥാനത്ത് നിന്ന് നീക്കി. കാശി വിശ്വനാഥ ക്ഷേത്രം- ജ്ഞാനവാപി മസ്ജിദ് സമുച്ചയത്തിന്റെ ചിത്രീകരണത്തിന്റെയും സര്‍വേയുടെയും ചുമതല മിശ്രയ്ക്കായിരുന്നു. വീഡിയോഗ്രാഫി സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയതായി അവകാശപ്പെടുന്ന പള്ളി സമുച്ചയത്തിലെ സ്ഥലം സീല്‍ ചെയ്യാന്‍ വാരണാസി കോടതി തിങ്കളാഴ്ച ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചിരുന്നു.